രഥോത്സവം: കൽപാത്തിയിൽ ഇന്നുമുതൽ കർശന നിയന്ത്രണം

പാലക്കാട്​: കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട്​ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൽപാത്തി ഗ്രാമത്തിലും ക്ഷേത്ര പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയതായി ജില്ല പൊലീസ്​ മേധാവി അറിയിച്ചു. കൽപാത്തി ഗ്രാമത്തിലേക്ക്​ ഞായറാഴ്​ച രാവിലെ 11 മുതൽ 16ന്​ രാത്രി രഥോത്സവ ചടങ്ങുകൾ അവസാനിക്കുന്നതു​ വരെ കൽപാത്തി ഗ്രാമവാസികൾക്കും മീഡിയ, പൊലീസ്​, മറ്റ്​ ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ചാത്തപുരം, മിനി ചാത്തപുരം, ശേഖരീപുരം ജങ്​ഷൻ, മന്തക്കര ഗണപതി കോവിൽ ജങ്​ഷൻ, ഗോവിന്ദാപുരം ജങ്​ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ്​ വെച്ച്​ അടച്ച്​ പൊലീസ്​ നിയന്ത്രണത്തിലായിരിക്കും. ഗ്രാമവാസികൾ ആരുംതന്നെ രഥ പ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമവീഥികളിൽ ഇറങ്ങി നടക്കരുതെന്നും അറിയിപ്പിൽ പറയുന്നു. ക്ഷേത്ര കമ്മിറ്റികാർ പേരുവിവരം എഴുതി കലക്​ടർക്ക്​ നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന്​ ​കൂടെ ഉണ്ടാവാൻ പാടുള്ളൂ.​ കൽപാത്തി ഗ്രാമവാസികൾക്ക്​ മാത്രമേ രഥ പ്ര​യാണം നടക്കുന്ന സ്ഥലത്തേക്ക്​ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മറ്റു സ്ഥലങ്ങളിൽനിന്നും വരുന്ന പൊതുജനങ്ങൾക്ക്​ കൽപാത്തി ഗ്രാമത്തിലേക്കോ രഥ പ്രയാണം നടക്കുന്ന വീഥിയിലേക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും പൊലീസ്​ മേധാവിയുടെ അറിയിപ്പിൽ പറയുന്നു. - - - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.