ആലത്തൂർ (പാലക്കാട്): സഹായത്തിന് കാത്തുനിൽക്കാതെ ആ അമ്മ മക്കളെ തനിച്ചാക്കി യാത്രയായി. ഹൃദയത്തിലെ പ്രധാന രക്തധമനിയിൽ വന്ന വിള്ളലിന് അടിയന്തര ശസ്ത്രക്രിയ അവശ്യമായ അമ്മയുടെ അരികിൽ പ്ലസ് ടു വിദ്യാർഥിയായ മകൻ 45 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒറ്റക്ക് കഴിയുന്നത് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
കാവശ്ശേരി പത്തനാപുരം ഞാറക്കോട് പാറക്കളത്ത് പരേതനായ സുരേഷിന്റെ ഭാര്യ അജിതയാണ് (46) വ്യാഴാഴ്ച മരിച്ചത്. ഇവരുടെ ഭർത്താവ് സുരേഷ് നാലുവർഷം മുമ്പ് അസുഖത്താൽ മരിച്ചിരുന്നു. അജിത കൂലിപ്പണി ചെയ്തായിരുന്നു നിത്യജീവിതവും രണ്ടുമക്കളുടെ പഠനവും നടത്തിയിരുന്നത്. അജിതക്ക് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടപ്പായതോടെ വരുമാനമാർഗമെല്ലാം നിന്നുപോകുകയായിരുന്നു.
പ്ലസ് ടു വിദ്യാർഥി ഷിജിലാണ് ആശുപത്രിയിൽ അമ്മയെ പരിചരിച്ചിരുന്നത്. പ്ലസ് വൺ വിദ്യാർഥിയായ നിജിലാണ് മറ്റൊരു മകൻ. ശസ്ത്രക്രിയയും ചികിത്സയും മെഡിക്കൽ കോളജിൽ സൗജന്യമായിരുന്നെങ്കിലും ഹൃദയത്തിൽ വെച്ചുപിടിപ്പിക്കേണ്ട സാമഗ്രികൾ വാങ്ങാൻ എട്ടരലക്ഷം രൂപ വേണ്ടിയിരുന്നു.
പലവിധ സഹായങ്ങളായി നാലു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ശേഷിക്കുന്ന സംഖ്യക്ക് എന്തുചെയ്യണമെന്ന് കുട്ടികൾക്കറിയില്ലായിരുന്നു. ഇതാണ് കഴിഞ്ഞദിവസങ്ങളിൽ പത്രവാർത്തയായത്.
വാർത്ത ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് ബുധനാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രിക്ക് ഇ-മെയിൽ അയച്ചിരുന്നു. ഇവർക്കാകെയുള്ള ചെറിയ ഒരുസ്ഥലത്തെ ഷെഡിലാണ് താമസം. സർക്കാറിന്റെ സഹായത്താൽ നടക്കുന്ന വീട് നിർമാണവും പാതിവഴിയിൽ നിൽക്കുകയാണ്. സമീപവാസികളും അവർക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.