പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തിയിൽ നൂറുകണക്കിന് വിദ്യാർഥികളുടെ സ്കൂൾ പഠനം അനിശ്ചിതാവസ്ഥയിൽ. വാളയാർ ദേശീയ പാതയിൽ മംഗലത്തൻ ചള്ള സായി നിലയം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾക്കാണ് ദുരവസ്ഥ. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നാണ് നിയമനടപടിയിലൂടെ സ്കൂൾ ജപ്തിചെയ്ത ധനകാര്യസ്ഥാപനം ‘ഈ വസ്തു തങ്ങളുടേതാണ്’ എന്ന അറിയിപ്പ് തൂക്കിയാണ് ഗേറ്റ് പൂട്ടിയത്.
അഞ്ഞൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ ക്രിസ്മസ് അവധിക്കുശേഷം അധ്യയനം നടന്നിട്ടില്ല. പത്താംക്ലാസ് പൊതുപരീക്ഷ അടുത്തിരിക്കെ അധ്യയനദിനങ്ങൾ മുടങ്ങുന്നത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നുണ്ട്. കോവിഡിനെ തുടർന്ന് വിദ്യാർഥികൾ കുറഞ്ഞതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും വിഷയം ഹൈകോടതി പരിഗണനയിലാണെന്ന് സ്കൂൾ മാനേജ്മെന്റ് വക്താവ് അറിയിച്ചു.
വിദ്യാർഥികൾ കുറഞ്ഞതോടെ ധനസമാഹരണത്തിന് ഒരു ധനകാര്യ ഏജൻസിയിൽനിന്ന് വായ്പയെടുത്തു. സാമ്പത്തിക പ്രതിസന്ധി തുടർന്നതോടെ നടത്തിപ്പ് മറ്റൊരു വ്യക്തിയെ ഏൽപിച്ചെങ്കിലും തിരിച്ചടവ് കൃത്യമായി നടന്നില്ല.
നവംബർ 30നകം തിരിച്ചടവ് കൃത്യമാക്കിയില്ലെങ്കിൽ നിയമപരമായി ഏറ്റെടുക്കുമെന്ന് ധനകാര്യസ്ഥാപനം മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂൾ പുനരാരംഭിക്കാനുള്ള അനുമതിക്കായി ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ കോടതിയിൽനിന്ന് വിധിയുണ്ടാകുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മറ്റു സ്കൂളുകളിൽ പഠനം തുടരാൻ ടി.സി കിട്ടാൻപോലും നിർവാഹമില്ലാതെ കഷ്ടപ്പെടുകയാണ് രക്ഷിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.