പാലക്കാട്: അക്ബറിനും കൗലത്തിനും ഇനി ആരെയും പേടിക്കേണ്ട, വീടുകൾ മാറി മാറി താമസിക്കേണ്ട, ഇറക്കിവിടുമെന്ന ആശങ്കയില്ലാതെ സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാം. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അകത്തേത്തറ ആണ്ടിമഠം സ്വദേശികളായ അക്ബറിനും കൗലത്തിനും വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ഓട്ടിസം ബാധിച്ച മകളുടെ നിലവിളിയിൽ പരിസരവാസികളുടെ പരാതിയെ തുടർന്ന് 12 വാടകവീടുകളാണ് അക്ബറും കൗലത്തും ഇതുവരെ മാറി ജീവിച്ചത്.
കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി നിരവധി സന്മനസുകൾ അക്ബറിനും കൗലത്തിനും സഹായവുമായി രംഗത്തെത്തിയിരുന്നു.
ഒടുവിൽ പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഇവർക്ക് വീട് ഒരുക്കാൻ തീരുമാനമായി. 520 ചതുരശ്ര അടി വീടാണ് ഒരുക്കിയിട്ടുള്ളത്.
രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ഒരുങ്ങുന്ന വീടിന്റെ താക്കോൽദാനം നിയുക്ത എം.പി ഷാഫി പറമ്പിലും സിനിമാതാരം സുരാജ് വെഞ്ഞാറമൂടും ചേർന്ന് അക്ബറിനും കൗലത്തിനും കൈമാറി. വീടിന് ആവശ്യമുള്ള ഫർണിച്ചർ സാധനങ്ങൾ ഉടൻ തന്നെ എത്തിച്ചു നൽകുമെന്ന് പ്രവാസി സ്പോൺസറായ മാത്യു കോശിയും ഉറപ്പു നൽകി.
പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, പ്രിയ കുമാരൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് അനന്തകൃഷ്ണൻ, അജാസ് കുഴൽമന്ദം, നഗരസഭ കൗൺസിലർമാരായ മിനിബാബു, അനുപമ, വിവിധ മണ്ഡലം പ്രസിഡന്റുമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.