അലനല്ലൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളിലൊന്നായ അലനല്ലൂരില്‍ സ്ഥിരമായി കൃഷി ഓഫിസറില്ലാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം. കാര്‍ഷിക പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഏറെയുള്ള മേഖലയില്‍ കൃഷി ഓഫിസറില്ലാത്തതിനാല്‍ പദ്ധതികളുടെ നടത്തിപ്പിൽ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. പ്രകൃതിക്ഷോഭത്തിലുൾപ്പെടെ കൃഷിനാശം സംഭവിക്കുമ്പോള്‍ ഓഫിസറില്ലാത്തതിനാല്‍ ആനുകൂല്യം നഷ്ടമാകുന്നതായും വള്ളുവനാട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് ചൂണ്ടിക്കാട്ടുന്നു.
വിവിധ കാര്‍ഷിക വിളകളെ ബാധിക്കുന്ന ക്ഷുദ്രജീവി ശല്യത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാസവള പ്രയോഗത്തെ കുറിച്ചുമെല്ലാം ആധികാരികമായ ഉപദേശം ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തില്‍ കൃഷി പ്രധാന ഉപജീവനമാര്‍ഗമാണ്. റബര്‍, തെങ്ങ്, കമുക് തുടങ്ങിയ വാണിജ്യവിളകളും പച്ചക്കറി, കപ്പ, ചേന, വാഴ തുടങ്ങിയ ഭക്ഷ്യവിളകളുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
കാലാവസ്ഥ വ്യതിയാനത്തോടും കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങളോടും മല്ലിട്ടാണ് കര്‍ഷകര്‍ കൃഷിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. കൃഷി ആദായകരമാക്കാന്‍ വേണ്ട ഉപദേശ നിര്‍ദേശങ്ങളും ആനുകൂല്യങ്ങളുമെല്ലാം യഥാസമയം ലഭ്യമായാല്‍ മാത്രമേ കൃഷിയില്‍ കര്ഷകന് പിടിച്ചു നില്‍ക്കാനാകൂ എന്നതാണ് അവസ്ഥ. നിലവില്‍ തെങ്കര കൃഷിഭവനിലെ കൃഷി ഓഫിസര്‍ക്കാണ് അലനല്ലൂരിലെ കൃഷിഭവെൻറ ചുമതലയുള്ളത്. എത്രയും വേഗം അലനല്ലൂരിലെ കൃഷിഭവനില്‍ സ്ഥിരം കൃഷിഓഫിസറെ നിയമിക്കണമെന്ന് അലനല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വള്ളുവനാട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് യോഗം ആവശ്യപ്പെട്ടു. ചെയര്മാന് കാസിം ആലായന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ചൂരക്കാട്ടില്‍ അരവിന്ദാക്ഷന്, സെക്രട്ടറി കെ. അബ്ദുൽ കരീം, ഡയറക്ടര്‍മാരായ പി. അബ്ദുല്‍ ഷരീഫ്, സി. മുനവ്വര്‍ അഹമ്മദ്, കെ. വിനീത, കെ. ഫസ്ന യൂസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.