അലനല്ലൂർ: വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങൾക്ക് നാന്ദികുറിച്ച് ഭീമനാട് വെള്ളിലകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന താലപ്പൊലി മഹോത്സവം വർണാഭമായി. 79 ദിവസത്തെ കളം പാട്ടിന് ശേഷമാണ് ശനിയാഴ്ച താലപ്പൊലി ആഘോഷം നടന്നത്. രാവിലെ ഗണപതിഹോമം, ഉഷപൂജ, താന്ത്രിക പൂജകൾ, ഉച്ചപൂജ എന്നിവ പന്തലകോടത്ത് മനക്കൽ തന്ത്രരത്നം ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. തുടർന്ന് അഷ്ടപതി, താലപ്പൊലി കൊട്ടി അറിയിക്കൽ, കാഴ്ചശീവേലി എന്നിവയും ഉണ്ടായി.
വൈകീട്ട് ഗജവീരൻ ചിറകര ശ്രീറാം തിടമ്പേന്തി എഴുന്നള്ളിപ്പ് നടന്നു. പത്ത് ഗജവീരന്മാർ അണിനിരന്ന ദേശവേലകൾ ഭക്തജനങ്ങളെയും കാണികളെയും ആവേശത്തിലാഴ്ത്തി. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളായ പൂതം, തിറ, കാള, പഞ്ചവാദ്യം എന്നിവ പൂരാഘോഷത്തിന് കൊഴുപ്പേകി. വൈകുന്നേരം അഞ്ചരക്ക് അമ്പലകുളത്തിന് സമീപം അരിയേറും തുടർന്ന് ആയിലൂർ അഖിൽമാരാരും സംഘവും അവതരിപ്പിച്ച ഗംഭീര മേളവും അരങ്ങേറി.
രാത്രി 10ന് ഉജ്ജയിനിയിലെ മഹാഭദ്ര എന്ന ബാലയും അരങ്ങേറി. ഞായറാഴ്ച വൈകുന്നേരം ഏഴരക്ക് കളംപാട്ട്, പുറത്തെഴുന്നള്ളിപ്പ്, നടുവിൽ ആൽത്തറക്ക് മുന്നിൽ അറിയേറ് തുടർന്ന് കൂറ വലിക്കുന്നതോടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.