അലനല്ലൂർ: വെള്ളിയാർ പുഴക്ക് കുറുകെ പാലത്തിനായുള്ള കാത്തിരിപ്പ് പതിറ്റാണ്ട് പിന്നിടുകയാണ്. കണ്ണംകുണ്ടിൽ പാലം നിർമിക്കാൻ വർഷംതോറും സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും ഏതാനും പ്രവൃത്തികളിൽ ഒതുങ്ങുന്നതാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.
12 വർഷം മുമ്പ് ബജറ്റിൽ തുക അനുവദിച്ച് പാലം നിർമിക്കാനുള്ള പദ്ധതിയും രൂപരേഖയും ശരിയാക്കിയിരുന്നു. നിലവിലെ കോസ്വേയുടെ കിഴക്ക് പത്ത് മീറ്ററിലധികം അകലത്തിലായിരുന്നു പാലത്തിന് പദ്ധതിയായത്. സ്വകാര്യ ഭൂമിയിലൂടെ അപ്രോച്ച് റോഡും ഉൾപ്പെടുന്നതായിരുന്നു പദ്ധതി. സ്വകാര്യ വ്യക്തികൾ സ്ഥലം നൽകാത്തതിനെ തുടർന്ന് നിർമാണം മുടങ്ങി. നിലവിലെ കോസ്വേ പൊളിച്ച് അതിലൂടെ പാലം നിർമിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആലോചന ഉണ്ടായെങ്കിലും രണ്ടാമത് എസ്റ്റിമേറ്റും പ്ലാനും ഡിസൈനും എടുക്കാൻ നിയമ തടസ്സമുള്ളതിനാൽ നടന്നില്ല.
പിന്നീട് സർക്കാർ മാറിയപ്പോൾ സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകി. സർക്കാർ ഫണ്ടിന് പുറമെ ഒരു തവണ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പാലം നിർമിക്കാൻ തയാറായെങ്കിലും പത്ത് കോടിയുടെ താഴെയുള്ള പണികൾ കിഫ്ബി ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ അതും നടന്നില്ല. എല്ലാ വർഷവും ആചാരമായി സംസ്ഥാന ബജറ്റിൽ ഇടംതേടാറുള്ളത് പോലെ ഇത്തവണയും ബജറ്റിൽ ഉൾപ്പെടുത്താൻ എം.എൽ.എ അപേക്ഷ നൽകിയിട്ടുണ്ട്. പാലത്തിന്റെ കൂടെ അലനല്ലൂർ കണ്ണംകുണ്ട് കൊടിയംകുന്ന് റോഡിന് ബജറ്റിൽ തുക വകയിരുത്തിയതോടെ റോഡ് പണി മാത്രമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.