അലനല്ലൂർ: എടത്തനാട്ടുകര കൊമ്പംകല്ല് പാലത്തിന്റെ കരിങ്കൽ പാർശ്വഭിത്തി ഇടിഞ്ഞുതാഴ്ന്നു. മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയായ മുണ്ടതോടിന് കുറുകെ 32 വർഷം മുമ്പ് അലനല്ലൂർ ഗ്രാമ പഞ്ചായത്ത് നിർമിച്ച കൈവരിയില്ലാത്ത പാലമാണിത്.
വെള്ളിയഞ്ചേരിയിലുള്ള എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, എ.യു.പി സ്കൂൾ, ചെമ്മാണിയോട് യു.പി സ്കൂൾ, ദാറുൽ ഹിക്കം സ്കൂൾ, അത്താണിപടിയിലെ എയ്ഞ്ചൽ സ്കൂൾ എന്നിവിടങ്ങിലേക്കുള്ള ബസ് ഈ പാലത്തിലൂടെയാണ് പോകുന്നത്. മംബഉൽ ഉലൂം മദ്റസ, സാന്ത്വനം മദ്റസ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളും ഈ പാലത്തിലൂടെ സഞ്ചരിച്ച് വേണം എത്താൻ.
കൈവരി ഇല്ലാത്തതിനാൽ നിരവധി തവണ വാഹനങ്ങൾ മുണ്ടതോട്ടിലേക്ക് മറിഞ്ഞിരുന്നു. ശോച്യാവസ്ഥ കാരണം പാലം അപകടഭീഷണിയിലാണെന്ന് അറിയിച്ച് നിരവധിതവണ പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
പാലത്തിന്റെ ഒരു ഭാഗത്തെ പാർശ്വഭിത്തി തോട്ടിലേക്ക് പൊളിഞ്ഞ് വീണു. മറുഭാഗത്തുള്ള പാർശ്വഭിത്തിയുടെ കല്ലുകൾ അടർന്ന് വീഴാറായ നിലയിലാണ്. ശനിയാഴ്ച അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. റംല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബക്കർ, വാർഡ് അംഗം ലൈല ഷാജഹാൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത്, എജിനീയർമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
ഗ്രാമ പഞ്ചായത്ത് ബോർഡ് യോഗത്തിൽ വിഷയം ചർച്ചക്കെടുത്ത് എം.എൽ.എ, എം.പി ഫണ്ട് എന്നിവക്കുള്ള ശ്രമം നടത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. പാലത്തിന്റെ പാർശ്വഭിത്തി തകർന്നിട്ടും ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് വരെ വാഹനങ്ങൾ ഇതിലൂടെ സഞ്ചരിച്ചിരുന്നു.
ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്ഥലം സന്ദർശിച്ച ശേഷമാണ് ഗതാഗതം നിരോധിച്ചത്. ഇതോടെ അഞ്ച് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് വേണം തടിയംപറമ്പിൽനിന്ന് മേലറ്റൂർ ഭാഗത്തേക്ക് എത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.