അലനല്ലൂർ: ടീച്ചറേ....ചൂട് സയ്ക്കാൻ കയ്യണില്ല....വെയിലിന് ചൂടേറുമ്പോൾ കുരുന്നുകൾ ഓരോന്നും പരാതിയുമായി ഷീബ ടീച്ചറുടെ അടുത്തെത്തും. ടീച്ചറ് പേപ്പർ വീശികൊടുത്ത് അൽപം ആശ്വാസം പകരുമെങ്കിലും എത്രനേരത്തേക്ക് എന്നാണ് ചോദ്യം. മഴ സമയത്ത് അംഗൻവാടിക്കുള്ളിലാകെ ഇരുട്ട് പരക്കുന്നതോടെ കുട്ടികൾക്ക് പേടിയാകും. വൈദ്യുതി കണക്ഷനായുള്ള കാത്തിരിപ്പ് തുടരുന്നത് ഓടകളത്തുള്ള ചോലമണ്ണ് അംഗൻവാടിയിലെ കുരുന്നുകളാണ്.
വൈദ്യുതി എത്തിയാൽ വെളിച്ചവും ഫാനും എത്തുമെന്നും തങ്ങളുടെ എരിപൊരി സഞ്ചാരത്തിന് ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ് അവർ. ഡി.പി.സി അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് വൈദ്യുതി എത്താൻ തടസ്സമായി നിൽക്കുന്നത്. പക്ഷേ, നിയമസാങ്കേതിക കുരുക്കുകളെ കുറിച്ചൊന്നും ഈ കുരുന്നുബാല്യങ്ങൾക്ക് അറിയില്ല. അവർക്ക് വേണ്ടത് അൽപം വെളിച്ചവും കാറ്റുമാണ്. അത് പെട്ടെന്ന് ശരിയാക്കി തരണേ എന്നാണ് അവരുടെ അപേക്ഷ.
രണ്ട് മാസം മുമ്പാണ് അംഗൻവാടി ഉദ്ഘാടനം ചെയ്തത്. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് പരേതനായ പാറോക്കോട് അബ്ദുൽ ഗഫൂറിന്റെ ഭാര്യ മൈമൂനയാണ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. വൈദ്യുതി കാൽ നാട്ടി ലൈൻ വലിച്ചിട്ടുണ്ടെങ്കിലും സർവിസ് വയർ ബന്ധിച്ചിട്ടില്ല.
ഡി.പി.സി അംഗീകാരത്തിനായി 38,500 രൂപ ഗ്രാമ പഞ്ചായത്ത് നീക്കിവെച്ചങ്കിലും തുക കുറവായതിനാൽ കണക്ഷൻ നിഷേധിക്കുകയായിരുന്നു. പിന്നീട് 75,000 രൂപ അലനല്ലൂർ ഗ്രാമ പഞ്ചായത്ത് നീക്കിവെച്ചതായും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഗ്രാമ പഞ്ചായത്തംഗം പടുകുണ്ടിൽ ബഷീർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തിൽ 14 ലക്ഷം രൂപ വകയിരുത്തിയാണ് ഓടകളത്ത് അംഗൻവാടി നിർമിച്ചത്. വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ചുട്ടുപൊള്ളിയാണ് കുരുന്നുകൾ സമയം തള്ളിനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.