അലനല്ലൂർ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അഞ്ചു നാൾകൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ. ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും ചുവരുകളിലും മതിലുകളിലും മരത്തിലും നിറം നൽകിയും കൊടിതോരണങ്ങൾ കെട്ടിയുമാണ് ആരാധകർ ലോകകപ്പിനെ വരവേൽക്കുന്നത്. അർജന്റീനക്കും ബ്രസിലിനും തന്നെയാണ് ആരാധകർ കൂടുതൽ. ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൻജിയം ടീമുകൾക്കും ഇവിടെ ആരാധകരുണ്ട്. എടത്തനാട്ടുകര നാലുകണ്ടത്ത് ജപ്പാൻ ടീമിന്റെ ഫ്ലക്സ് ബോർഡ് ഉയർന്നത് കൗതുകമായി. ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. കാരയിൽ സംസ്ഥാന പാതയോരത്ത് ബ്രസീൽ ആരാധകർ സ്ഥാപിച്ച 55 അടി ഉയരമുള്ള നെയ്മറിന്റെ കട്ടൗട്ടാണ് നിലവിൽ അലനല്ലൂർ പഞ്ചായത്തിലെ വലിയത്. ഇവിടെ തന്നെ അർജൈന്റൻ സൂപ്പർ താരങ്ങളായ ലയണൽ മെസിയുടെയും ഡിമരിയയുടെയും കട്ടൗട്ടുകൾ അർജന്റീന ഫാൻസും സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങി കഴിഞ്ഞു. ആരാധകരുടെ നേതൃത്വത്തിൽ റാലികൾക്കായുള്ള അണിയറ പ്രവർത്തനങ്ങളും സൗഹൃദ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ഒപ്പം ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽ കളി കാണാനുള്ള സജ്ജീകരണങ്ങളും മിക്കയിടങ്ങളിലും നടക്കുന്നുണ്ട്. ചിലരൊക്കെ നേരിട്ട് മത്സരം കാണാൻ ഖത്തറിലേക്കും തിരിക്കുന്നുണ്ട്.
വനിത ഫുട്ബാൾ മത്സരം
മണ്ണാർക്കാട്: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ ഏകദിന ഫുട്ബാൾ മത്സരം നടത്തുന്നു. ബുധനാഴ്ച രാവിലെ 10 മുതൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ടർഫിലാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.