അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖലയിലെ വനം സര്‍വേക്കെതിരെ വീണ്ടും പ്രതിഷേധമുയരുന്നു. ഇരട്ടവാരി കൂരിക്കല്ലന്‍ അഹമ്മദിെൻറ വീട്ടുമുറ്റത്ത് സർവേയുടെ ഭാഗമായി വനംവകുപ്പ് കഴിഞ്ഞദിവസം കല്ല് സ്ഥാപിച്ചതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
വനഭൂമിയും കര്‍ഷകരുടെ കൈവശ ഭൂമിയും തമ്മില്‍ വേര്‍തിരിച്ച് വനാതിര്‍ത്തി തിരിക്കുന്നതിനായി വനം, റവന്യൂ വകുപ്പുകളുട സംയുക്ത പരിശോധന നടന്നുവരുകയാണ്. നേരത്തേ കര്‍ഷകരുടെ കൈവശ ഭൂമിയില്‍ സര്‍വേ നടത്തിയത് പ്രതിഷേധത്തിനിടയാക്കുകയും രണ്ടുമാസം മുമ്പ് കര്‍ഷകര്‍ സര്‍വേ നടപടികള്‍ തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വനം, റവന്യൂ വകുപ്പുകള്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് സംയുക്ത പരിശോധന പുനരാരംഭിച്ചത്. എന്നാല്‍, ഭൂമിയില്‍ പരിശോധന നടത്തുമ്പോള്‍ തിരിച്ചറിയാൻ താൽക്കാലിക അടയാളമെന്തെങ്കിലും കാണിച്ചാല്‍ മതിയെന്ന ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി കല്ല് സ്ഥാപിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രശ്നം കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ സി.പി. ശിഹാബുദ്ദീന്, ജോയ് പരിയാത്ത്, ഉസ്മാന് ചേലോക്കോടന്‍, ഷൗക്കത്ത് കോട്ടയില്‍, ഉമ്മര്‍ മനച്ചിത്തൊടി, അലി തയ്യില്‍ എന്നിവര്‍ മണ്ണാര്‍ക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ചന്ദ്രബാബുവിനെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കല്ലിടുന്ന നടപടിയുമായി വനംവകുപ്പ് മുന്നോട്ടുപോയാല്‍ തടയുമെന്നും സമിതി മുന്നറിയിപ്പ് നൽകി. എന്നാല്‍, ജെണ്ട കെട്ടില്ല എന്നാണ് ഉറപ്പു നല്‍കിയിട്ടുള്ളതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസത്തിനകം വനാതിര്‍ത്തി പുനര്‍നിർണയിക്കാനാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും വനാതിര്‍ത്തി തിരിച്ചാല്‍ മാത്രമേ പട്ടയത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സാധിക്കൂവെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.