ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ കോ​ട്ടോ​പ്പാ​ട​ത്ത്

വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാരം നിർണയിക്കുക മൂന്ന് രീതിയിൽ

അലനല്ലൂർ: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുപ്പ്, നഷ്ടപരിഹാരം ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക എന്നിവ ചർച്ചചെയ്യാൻ കോട്ടോപ്പാടത്ത് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ യോഗം വിളിച്ചു. ഓരോ സര്‍വേ നമ്പറിലും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്, സ്ഥാപനങ്ങള്‍, വീട്, കെട്ടിടങ്ങള്‍ എന്നിവയെക്കുറിച്ച് ഗൂഗിള്‍ മാപ്പിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നടപ്പാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും നാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു.

ദേശീയപാത 66നുവേണ്ടി സ്ഥലം ഏറ്റെടുത്തവര്‍ക്ക് നല്‍കിയ അതേവിധത്തിലുള്ള നഷ്ടപരിഹാരമാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കും നല്‍കുകയെന്ന് പ്രോജക്ട് ഡയറക്ടര്‍ ഡോ. ബിബിന്‍ മധു പറഞ്ഞു. നഷ്ടപരിഹാരം അനുവദിക്കുന്നതിന് മൂന്ന് രീതിയാണ് അവലംബിക്കുന്നത്. ഒന്ന് സര്‍ക്കാര്‍ നിശ്ചയിച്ച വില. രണ്ടാമത് എന്നാണോ ഗ്രീന്‍ഫീല്‍ഡ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് അതിന് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷത്തെ ക്രയവിക്രയ വില. മൂന്നാമത് പൊതുകാര്യങ്ങള്‍ക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കിയ തുക. ഇവ മൂന്നിലും ഏതാണോ കൂടുതല്‍ അതായിരിക്കും സ്ഥലത്തിന്‍റെ വിലയായി നല്‍കുക. എന്നാണോ വീടും കെട്ടിടങ്ങളും ഏറ്റെടുക്കുന്നത് അന്ന് ആ കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ തുകയും അതിന്‍റെ 100 ശതമാനം സൊലൂഷനും ലഭിക്കും. ഉദാഹരണത്തിന് 25 ലക്ഷത്തിന്‍റെ വീടിന് 50 ലക്ഷം രൂപ ലഭിക്കും. നിലവില്‍ സര്‍വേ നടത്താനുള്ള ഭാഗങ്ങളുടെ വിജ്ഞാപനം മാത്രമാണ് വന്നിട്ടുള്ളത്. ഇപ്പോള്‍ നിശ്ചയിച്ച അലൈൻമെന്‍റ് പരമാവധി പ്രയാസങ്ങള്‍ ഒഴിവാക്കിയുള്ളതാണ്.

അലൈന്‍മെന്‍റില്‍ ഇനി മാറ്റം ഉണ്ടാകില്ല. ആരുടെയൊക്കെ എത്ര സ്ഥലം പോകുമെന്ന് സര്‍വേ നടത്തി അതിര്‍ത്തി കല്ല് സ്ഥാപിച്ചാലേ വ്യക്തമാകൂ. അതിന് ഇനിയും മൂന്നുമാസം സമയമെടുക്കുമെന്നും പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര തുടങ്ങിയ പഞ്ചായത്തുകളിലായി 22 കിലോ മീറ്ററിലാണ് പാത കടന്നുപോകുന്നത്. 45 മീറ്ററാണ് വീതി.

ഇരുവശങ്ങളിലുമായി സർവിസ് റോഡുമുണ്ടാകും. ഹൈവേ യാഥാർഥ്യമായാല്‍ പാലക്കാട്-കോഴിക്കോട് ദൂരം 121 കിലോമീറ്ററായി കുറയും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജസീന അക്കര, കെ.കെ. ലക്ഷ്മിക്കുട്ടി, എ. ഷൗക്കത്തലി, പ്രോജക്ട് ഓഫിസര്‍ ഡോ. ബിപിന്‍ മധു, സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ഷഹനാസ്, തഹസില്‍ദാര്‍ കെ. അഫ്‌സല്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫി, സൈറ്റ് എൻജിനീയര്‍ പി. അര്‍ജുന്‍, ഓംകുമാര്‍, രതീഷ്‌കുമാര്‍, ആര്‍.ആര്‍.ഐ കെ. ശശിധരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Greenfield Highway: There are three ways to determine compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.