അലനല്ലൂർ: വഴങ്ങല്ലി റോഡരികിലെ ഉണങ്ങിയ മരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിക്കുന്നത് തടയാൻ കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയത് തർക്കത്തിനിടയാക്കി. മരങ്ങളുടെ അപകട ഭീഷണി സംബന്ധിച്ച് നിരവധി തവണ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് മരം മുറിക്കാൻ നടപടിയെടുത്തത്.
ട്രോമാ കെയർ വളന്റിയർമാരുടെ നേതൃത്വത്തിൽ മുറിക്കാനായിരുന്നു തീരുമാനം. മരത്തിന് സമീപത്തെ വൈദ്യുതി ലൈൻ അഴിക്കാൻ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്യാതെ വൈദ്യുതി വിതരണം ഓഫ് ചെയ്യുക മാത്രമാണ് ചെയ്തത്. ലൈനിന്റെ മുകൾ ഭാഗത്തെ മരച്ചില്ലകൾ മണിക്കൂർ നീണ്ട പരിശ്രമത്തിൽ പകുതിയിലധികം വെട്ടിമാറ്റിയ ശേഷം, കെ.എസ്.ഇ.ബി ജീവനക്കാർ വന്ന് ചൊവ്വാഴ്ച ലൈനിന്റെ മുകളിലുള്ള മരച്ചില്ലകൾ മാറ്റുന്നതിന് സംവിധാനമുണ്ടാക്കുമെന്നും അതിന് ശേഷം മരം മുറിച്ചാൽ മതിയെന്നും അറിയിക്കുകയായിരുന്നു. അതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരുമായി തർക്കം ഉണ്ടായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, വൈസ് പ്രസിഡന്റ് ആയിഷ ആറാട്ട്തൊടി, അംഗങ്ങളായ അജിത, കെ. ഹംസ, പി. മുസ്തഫ തുടങ്ങിയവർ സ്ഥലത്തെത്തി കെ.എസ്.ഇ.ബി ജീവനക്കാരുമായി ചർച്ച നടത്തി. ഉണങ്ങിയ മരങ്ങൾ മുറിക്കുന്നതിന് മുമ്പ് വൈദ്യുത ലൈനിന്റെ മുകളിലൂടെയുള്ള കൊമ്പുകൾ മുറിക്കാനുള്ള സംവിധാനം കെ.എസ്.ഇ.ബി ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ട്രോമ കെയർ വളന്റിയർമാർ മരം മുറി മുഴുവനാക്കാതെ തിരിച്ചുപോയി.
ട്രോമാ കെയർ വളന്റിയർമാരായ ജബ്ബാർ ജൂബിലി, ഫവാസ്, ശുഹൈബ്, ഷാഹുൽ ഹമീദ്, റിയാസുദ്ദീൻ, ഇബ്രാഹീം, പി. റിഷാദ്, ഷമീം, മനു ചത്തല്ലൂർ, നൗഷാദ്, അബു വാഹിദ, റഹീം, ഉണ്ണിക്കുട്ടൻ, റഹീസ്, ഗിരീഷ്, ജലീൽ, ആശ, മുഹമ്മദാലി, നിഷാദ്, നസ്റുദ്ദീൻ, ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.