അലനല്ലൂർ: കർക്കിടാംകുന്ന് ഷാപ്പുംപടിയിൽ റോഡ് പൊട്ടി പൊളിഞ്ഞ് ചളിക്കുളമായി. വാഹനങ്ങളുടെ ചക്രങ്ങൾ ചളിയിൽ ഇടക്കിടെ താഴുന്നത് പതിവായതിനെ തുടർന്ന് നാട്ടുകാർ റോഡിലെ ചളിയിൽ വീപ്പ വെച്ച് അപകടസാധ്യത കുറച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് റോഡിൽ അറ്റകുറ്റപണി നടത്തിയിരുന്നു. അശാസ്ത്രീയ രീതിയിൽ റോഡിലെ ഓട്ടയടക്കൽ മുഴുവനും മഴവെള്ളത്തിൽ ഒലിച്ച് പോയതോടെയാണ് കുഴികളായി മാറിയത്. കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാന പാതയിലെ ഉണ്ണ്യാൽ മുതൽ കുളപറമ്പ് വരെ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ജൽ ജീവൻ മിഷൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടത്തൂർ ജങ്ഷനിൽ ചാല് കീറി മണ്ണിട്ട് മൂടിയിരുന്നു. മണ്ണ് ഒലിച്ച് പോയതോടെ വാഹനങ്ങൾക്ക് അപകട ഭീഷണിയായി. ഒരു മാസത്തിനിടക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെട്ടത്തൂർ ജങ്ഷനിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.
രണ്ട് റോഡുകൾ കൂടി ചേരുന്ന ഭാഗത്ത് വെട്ടിപ്പൊളിച്ച റോഡിൽ കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ട് നികത്തിയതാണ് അപകടക്കെണിയായത്. റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടുകൾ ഉണ്ടായത് റോഡ് പെട്ടെന്ന് തകരാനിടയാക്കി.
റോഡിന്റെ രണ്ടുവശങ്ങളിലും അഴുക്ക് ചാലില്ല. കുളപറമ്പ് എഫ്.എസ്.സി ക്ലബും, ഓട്ടോ യൂനിയനും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടം തുടർക്കഥയാകുന്നതിനാൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. മനാഫ് ആര്യാടൻ, സി.ടി. ബഷീർ, സമദ് ചെമ്പൻ, മുഹമ്മദ് പുലയകളത്തിൽ, അസീസ് പിലായിതൊടി, ടി. പൊന്നു. കെ.പി. യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.