അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് ചൂരിയോടിൽ വളത്തുനായെ പുലി കൊന്ന് ഭക്ഷിച്ച നിലയിൽ. കേസുപറമ്പിലെ തെക്കൻ മുഹമ്മദാലിയുടെ വളർത്തുനായെയാണ് പുലി കൊന്നത്.
വ്യാഴാഴ്ച്ച രാത്രി ഒരു മണിക്ക് ശേഷമാണ് സംഭവം. വീട്ടിൽ ചങ്ങലയുമായി ബന്ധിപ്പിച്ചിരുന്ന നായെ ചെങ്ങല പൊട്ടിച്ച് 350 മീറ്റർ ദൂരെയുള്ള വാഴത്തോട്ടത്തിൽ വെച്ച് ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. വാഴത്തോട്ടത്തിന് കാവൽ നിൽക്കുന്നവർ ഇടക്കിടെ ശബ്ദമുണ്ടാക്കാറുണ്ട്. ആ ശബ്ദം കേട്ടതുകൊണ്ടാകാം പകുതി ഭാഗം ഭക്ഷിച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ യു. ജയകൃഷ്ണൻ, വാച്ചർമാരായ പി. അബു, എ. പ്രതീപ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഹംസപ്പ, സി. മുഹമ്മദാലി എന്നിവർ സ്ഥലം സന്ദർശിച്ചു. പുലിയുടെ ആക്രമണം തന്നെയാകാം എന്ന നിഗമനത്തിലാണ് വനംവകുപ്പ്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം സംശയിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കാലങ്ങളായി കാട്ടാനകളുടെയും പന്നികളുടെയും ആക്രമണം പതിവാണ്. ആറ് മാസം മുമ്പ് പ്രദേശത്തെ തന്നെ പാറോക്കോട്ട് ചാമിയുടെ ആടിനെ വന്യമൃഗം വേട്ടയാടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.