അലനല്ലൂര്‍: ഷിഗല്ല രോഗം സ്ഥിരീകരിച്ച അലനല്ലൂരില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ്. രോഗം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാണ്. ജില്ല ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ആശാ പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശം നടത്തുകയും കിണറുകള്‍ അണുമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ആയിരത്തോളം വീടുകളില്‍ ഇതിനകം സന്ദര്‍ശനം നടത്തി.
ആരോഗ്യ വകുപ്പ് അധികൃതര്‍ പഞ്ചായത്തിലെ ഭക്ഷണ പദാർഥങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പരിശോധന തുടരുകയാണ്.
മത്സ്യക്കടകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കുടിവെള്ള പരിശോധനയിലും ജാഗ്രതയുണ്ട്. ഭക്ഷ്യപദാർഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ കുടിവെള്ളം ഗുണനിലവാര പരിശോധനക്ക് അയച്ചതില്‍ ചിലതില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ അണുമുക്തമാക്കാന്‍ നിര്‍ദേശം നല്കി. ഭക്ഷണ വില്പനശാലകളില് പാചകം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ കാര്ഡുണ്ടാകണമെന്നും ശുചിത്വം ഉറപ്പാക്കുന്ന സാക്ഷ്യപത്രം കടകളിലുണ്ടാകണമെന്നും വെള്ളം പരിശോധിച്ച് ഉപയോഗയോഗ്യമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ആഴ്ചയാണ് പഞ്ചായത്തില്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. മുപ്പതോളം പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവര്‍ സുഖപ്പെട്ടതായും നിലവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. എന്നാല്‍, ജാഗ്രത തുടരണം. വയറിളക്ക രോഗമുള്ളവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം കേസുകള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഓഡിറ്റോറിയങ്ങളില്‍ വിവാഹം, പൊതു ചടങ്ങുകള്‍ നടക്കുമ്പോള്‍ ബന്ധപ്പെട്ട ഓഡിറ്റോറിയം നടത്തിപ്പുകാര്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.