അലനല്ലൂർ: ലോക്ഡൗണിൽ ഷൗക്കത്ത് വിറ്റഴിക്കുന്ന ഒാരോ കുടക്കും ഒരു കുടുംബത്തിെൻറ പ്രതീക്ഷയുടെ മതിപ്പുണ്ട്. വീൽചെയറിലിരുന്ന് ഈ 33കാരൻ നിർമിക്കുന്ന കുടകൾ വിറ്റഴിച്ചുകിട്ടുന്നതാണ് കുടുംബത്തിനുള്ള ഏക വരുമാനം. കിണർജോലിക്കാരനായിരുന്ന എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശി തെക്കൻ ഷൗക്കത്തിനെ 2013ൽ ജോലിക്കിടെ സംഭവിച്ച അപകടമാണ് വീൽചെയറിലിരുത്തിയത്. ജോലിക്കിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു.
ജീവിതത്തിൽ പുതുവഴി തേടിയ ഷൗക്കത്ത് ഭിന്നശേഷി കൂട്ടായ്മയുടെ വിവിധ ക്യാമ്പുകളിലൂടെയാണ് കുട നിർമാണവും പേപ്പർ പേന നിർമാണവും പഠിച്ചത്. മൂന്നുവർഷമായി കുടകൾ നിർമിച്ച് വിൽപന നടത്തി കുടുംബം പോറ്റുന്ന യുവാവിന് മഴക്കാലത്തെ കച്ചവടമായിരുന്നു പ്രധാന വരുമാനം. ഇക്കുറിയും ലോക്ഡൗണിൽ സ്കൂളുകൾ അടഞ്ഞുകിടക്കുന്നത് വിൽപന കുത്തനെ കുറച്ചതായി ഷൗക്കത്ത് പറയുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന നിലവാരമുള്ള കുടകളും പേപ്പർ പേനകളും ഷൗക്കത്തിെൻറ പക്കൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് പേപ്പർ പേന നിർമാണ പരിശീലനവും ഷൗക്കത്ത് നൽകാറുണ്ട്. മഴക്കാലത്ത് കുട വാങ്ങാനിറങ്ങുന്നവർ തന്നെയും ഒാർക്കണമെന്ന് ഷൗക്കത്ത് പറയുന്നു. ഫോൺ: 9562140223.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.