പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറി എസ്. ശെൽവൻ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്ത്. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ശെൽവൻ ജനവിധി തേടുന്നത്. അതേസമയം, പാർട്ടി പറഞ്ഞിട്ടാണ് നാമനിർദേശപത്രിക നൽകിയതെന്നും പിൻവലിക്കാൻ മറന്നുപോയതാണെന്നുമാണ് ശെൽവന്റെ പ്രതികരണം.
താൻ വിമതസ്ഥാനാർഥിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനിറങ്ങുമെന്നും ശെൽവൻ പറയുന്നു. പാർട്ടിയിലെ പൊട്ടിത്തെറിയെ തുടർന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹി എ.കെ. ഷാനിബും കോൺഗ്രസിൽനിന്ന് നേരത്തേ പുറത്തായിരുന്നു.
കഴിഞ്ഞദിവസം പിരായിരി പഞ്ചായത്ത് മണ്ഡലം സെക്രട്ടറി ജി. ശശിയും ഭാര്യ പിരായിരി പഞ്ചായത്ത് അംഗം സിത്താരയും ഇടതുസ്ഥാനാർഥിക്ക് പിന്തുണയറിയിച്ചു. ഏറ്റവുമൊടുവിൽ ദലിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷും കോൺഗ്രസിൽനിന്ന് പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാർഥിയായി പാലക്കാട് ബ്ലോക്ക് സെക്രട്ടറി മത്സരിക്കുന്നത് ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.