ആലത്തൂർ: കാലാവസ്ഥ മാറ്റം നെൽകൃഷി മേഖലയെ അസ്വസ്ഥമാക്കുന്നു. ഇടവത്തിൽ നടക്കേണ്ട കൃഷിയിറക്കലും അനുബന്ധ ജോലികളും കർക്കടകം ആദ്യ ആഴ്ചയായിട്ടും പലയിടത്തും പൂർത്തിയായിട്ടില്ല. മഴ വൈകിയതാണ് പ്രധാന കാരണം. മേടത്തിൽ ലഭിക്കേണ്ട വേനൽ മഴയും ഇടവപ്പാതിയിൽ എത്തേണ്ട കാലവർഷവും താളംതെറ്റിയതാണ് നെൽകൃഷി മേഖലയെ അരക്ഷിതാവസ്ഥയിലെത്തിച്ചത്.
ഇടവപ്പാതിക്ക് മുമ്പ് മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഞാറ്റടി തയാറാക്കിയവരാണ് കൂടുതൽ കുഴപ്പത്തിലായത്. വിത നടത്തിയവർക്ക് കളവർധിച്ചത് പാരയായി. ഞാറ്റടി തയാറാക്കിയാൽ 28 ദിവസത്തിനകം പറിച്ച് നടണമെന്നിരിക്കെ പല ഭാഗത്തും രണ്ടു മാസം വരെയായിട്ടാണ് നടാൻ കഴിഞ്ഞത്.
ഇതൊക്കെ വിളവെടുപ്പിനെയും ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. ഒന്നാംവിള കൊയ്തെടുത്ത നെല്ല് സർക്കാറിന് കൊടുത്തതിന്റെ വില ഇതുവരെ കിട്ടിയിട്ടില്ല. അതിന്റെ വിഷമം നിലനിൽക്കുമ്പോഴാണ് വീണ്ടും കൃഷിയിറക്കാൻ കഴിയാതെയുള്ള ദുരിതവും എത്തിയത്. നെൽകൃഷി കുറെ വർഷങ്ങളായി പല കാരണങ്ങൾ കൊണ്ട് പല വിധത്തിൽ കർഷകരെ കുഴക്കുകയാണ്. ഇടക്ക് പെയ്യുന്ന മഴയിൽ കിട്ടിയ വെള്ളം ഉപയോഗിച്ച് ഞാറ് പറിച്ച് നടാമെന്ന് കരുതി നിലമുഴുത് പാകപ്പെടുത്തിയപ്പോഴാണ് അന്തർ സംസ്ഥാന തൊഴിലാളികൾ ഇല്ലെന്ന് അറിവായത്. നാട്ടിൽ കാർഷിക തൊഴിലിന് തൊഴിലാളികളെ കിട്ടാതായത് പരിഹരിച്ചിരുന്നത് അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു. എന്നാൽ ഇത്തവണ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതിനാൽ മിക്കവരും നാട്ടിലേക്ക് പോയി. ഇതോടെ കാർഷിക മേഖലയിൽ പണികൾ നടക്കാതായി.
കാരണങ്ങൾ പലതാണെങ്കിലും നെൽകൃഷി മേഖല കുറച്ച് വർഷങ്ങളായി താളം തെറ്റിയാണ് പോകുന്നത്. അടുത്ത സീസണിലെങ്കിലും തൊഴിലാളി ക്ഷാമം പരിഹരിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാലേ പ്രവൃത്തികൾ സമയബന്ധിതമായി നടത്താൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.