ശ്രീകൃഷ്ണപുരം: സംസ്ഥാനത്തിന് പുറത്ത് ബി.ജെ.പിയെ എതിർക്കാൻ സി.പി.എമ്മും, കോൺഗ്രസും കൈകോർക്കുമ്പോൾ പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ട്. 13 വാർഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തിൽ നാല് വാർഡുകളിലാണ് ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ പൊതുസ്വതന്ത്രർ മത്സരിക്കുന്നത്. ഒന്നാം വാർഡായ പകരാവൂർ, രണ്ടാം വാർഡായ കിണാശ്ശേരി, ആറാം വാർഡായ കാട്ടുകുളം,13ാം വാർഡായ കല്ലുവഴി സൗത്ത് എന്നിവിടങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും പിന്തുണക്കുന്നത് ഒരേ സ്ഥാനാർഥികളെയാണ്.
നാല് വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ മൂന്നുപേർ ബി.ജെ.പി അനുഭാവികളാണ്. ഇതിന് പ്രത്യുപകാരമായി അഞ്ചാം വാർഡായ പരിയാനമ്പറ്റ, ഏഴാം വാർഡായ താനിക്കുന്ന്, എട്ടാം വാർഡായ പൂക്കോട്ടുകാവ് നോർത്ത് എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സഹായം കോൺഗ്രസിനുമുണ്ട്. ഈ വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഒന്ന്, രണ്ട്, ആറ്, 13 വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ ഇരുമുന്നണികളും അവകാശമുന്നയിച്ച് വെവ്വേറെ പോസ്റ്റുകളും ഇറക്കിയിട്ടുണ്ട്. ഇവർ എൻ.ഡി.എ സ്വതന്ത്രരായാണ് ബി.ജെ.പി പോസ്റ്ററിലുള്ളത്. കോൺഗ്രസിെൻറ പോസ്റ്ററിൽ കോൺഗ്രസ് സ്വതന്ത്രരായും ഇടംപിടിച്ചിട്ടുണ്ട്.
13 വാർഡുകളുള്ള വെള്ളിനേഴി പഞ്ചായത്തിൽ 11 വാർഡുകളിലാണ് കോൺഗ്രസ്-ബി.ജെ.പി രഹസ്യ നീക്കുപോക്ക്. പഞ്ചായത്തിലെ ആറാം വാർഡ് കല്ലുംപുറം, 12ാം വാർഡ് ഞളാകുർശ്ശി എന്നിവിടങ്ങളിൽ മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന നാലാം വാർഡായ കുറുവട്ടൂർ, ഒമ്പതാം വാർഡായ അങ്ങാടിക്കുളം എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ബി.ജെ.പി മത്സരിക്കുന്ന രണ്ടാം വാർഡായ ചാമക്കുന്ന്, 13ാം വാർഡായ വെള്ളിനേഴി എന്നിവിടങ്ങളിൽ കോൺഗ്രസിനും സ്ഥാനാർഥിയില്ല. ബാക്കിയുള്ള ഏഴ് വാർഡുകളിലും പൊതുസ്വതന്ത്രരെയാണ് ഇരുപാർട്ടികളും പിന്തുണക്കുന്നത്. ബി.ജെ.പിയുടെ വെള്ളിനേഴി പഞ്ചായത്ത് സെക്രട്ടറിയാണ് ഏഴാം വാർഡായ തിരുനാരായണപുരത്ത് കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത്.
കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിമതനായി യു.ഡി.എഫിലെ സി.എം.പിയുടെ (സി.പി. ജോൺ വിഭാഗം) സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇരുന്നൂറിലേറെ വോട്ടുകൾ കിട്ടിയ വാർഡാണിത്. അടക്കാപുത്തൂർ 11ാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോൺഗ്രസ് നേതാവിനെയാണ് ബി.ജെ.പി പിന്തുണക്കുന്നത്. ജനഹിതം മാനിച്ചാണ് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കുന്നതെന്നാണ് കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തിെൻറ അവകാശവാദം. അതേസമയം, വാർഡുകളിൽ കോൺഗ്രസ് പ്രവർത്തകരുണ്ടായിട്ടും സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താത്ത നേതാക്കളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.