ഒറ്റപ്പാലം: നഗരസഭയിലെ പാലാട്ട് റോഡ് ഉപതെരഞ്ഞെടുപ്പിന് തൊട്ടുപിറകെ ഒറ്റപ്പാലത്ത് രൂപം കൊണ്ട കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കത്തിൽ മഞ്ഞുരുക്കം. ലീഗിന്റെ ജില്ല നേതൃത്വം ഇടപെട്ട് ഇരുവിഭാഗത്തെയും വിളിച്ചുകൂട്ടി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു. ഇതിന് തൊട്ടുപുറകെ ഇരുവിഭാഗങ്ങളും ഒരുമിച്ച് തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ പാലാട്ട് റോഡ് ഉപതെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് യു.ഡി.എഫ് ഏറ്റുവാങ്ങിയത്. തുടർന്നായിരുന്നു തർക്കങ്ങൾക്ക് തുടക്കം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 84 വോട്ടുകൾ നേടിയ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ 77 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടിയാലോചനകൾ നടന്നില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റിയാണ്. സ്ഥാനാർഥിയെ നിർണയിക്കുന്നതിനായി യു.ഡി.എഫ് യോഗം ചേരുകയോ മുഖ്യ ഘടക കക്ഷിയായ ലീഗുമായി കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ലീഗിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എം.പി എന്നിവർക്ക് പരാതികളും നൽകി. അതേസമയം, മുസ്ലിം ലീഗിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് നടന്ന നവംബറിൽ മുസ്ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് ലീഗ് കൈക്കൊണ്ടതെന്നായിരുന്നു ഇതിനെതിരെ കോൺഗ്രസ് അന്ന് പ്രതികരിച്ചത്. മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവയുടെ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു ഒറ്റപ്പാലത്തെ ലീഗ് ഓഫിസിൽ കഴിഞ്ഞദിവസം ചർച്ച നടന്നത്. നേരത്തേ ജില്ല ആസ്ഥാനത്ത് ചർച്ച സംഘടിപ്പിച്ചിരുന്നെങ്കിലും മണ്ഡലം കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കാതിരുന്നത് കാരണം ലക്ഷ്യം കണ്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ കോൺഗ്രസും ലീഗും തമ്മിൽ നിലനിന്നിരുന്ന പോരിന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് പ്രവർത്തകർ.
തൃത്താല: കപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഹരിതകർമ സേനാംഗങ്ങളെ ഉപയോഗിച്ച് സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കാണിച്ച് ജില്ല കലക്ടര്‍ക്ക് പരാതി നല്കി. മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടീസുകൾ വിതരണം ചെയ്ത് വീടുകള്‍തോറും കയറി സേനാംഗങ്ങള്‍ വോട്ടഭ്യർഥിച്ചുവെന്നാണ് ആരോപണം. വിഷയത്തിൽ ബി.ജെ.പി കപ്പൂർ മണ്ഡലം കമ്മിറ്റിയാണ് കലക്ടർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.