ഒറ്റപ്പാലം: താലൂക്ക് ആസ്ഥാനത്ത് വിവിധ ഇടങ്ങളിലായി സ്ഥിതിചെയ്യുന്ന കോടതികൾ ഒരു കുടക്കീഴിലേക്ക്. നീണ്ട കാലത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് കോർട്ട് കോംപ്ലക്സ് പദ്ധതിക്ക് ധനകാര്യ വകുപ്പ് പച്ചക്കൊടി കാണിച്ചത്. 23.35 കോടിയുടേതാണ് പദ്ധതി. ഏഴ് നിലകളിലായി നിർമിക്കുന്ന കോർട്ട് കോംപ്ലക്സിൽ കോൺഫറൻസ് ഹാൾ, അഭിഭാഷകരുമായി ബന്ധപ്പെട്ട കക്ഷികൾക്കും ഗുമസ്തർക്കും പ്രത്യേക മുറികൾ, ശിശു- സ്ത്രീ സൗഹൃദ മുറികൾ, മീഡിയ റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
ബ്രിട്ടീഷ് ഭരണത്തിലെ കെട്ടിട ശേഷിപ്പുകളിലൊന്നിലാണ് നിലവിൽ വിവിധ കോടതികൾ പ്രവർത്തിക്കുന്നത്. 1890ൽ നിർമിച്ച കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് പൊതുമരാമത്ത് വിഭാഗം വർഷങ്ങൾക്ക് മുമ്പേ വിധിയെഴുതിയതാണ്. ഇക്കാരണം കൊണ്ടുതന്നെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കാൻ വ്യവസ്ഥയില്ലാത്തത് കെട്ടിടത്തിെൻറ നിലനിൽപുതന്നെ പരുങ്ങലിലാക്കി. അഞ്ച് നീതിപീഠങ്ങളിൽ അഡീഷനൽ ജില്ല കോടതി, സബ് കോടതി, മുൻസിഫ് കോടതി എന്നിവയുടെ പ്രവർത്തനം കാലപ്പഴക്കം ചെന്ന ഈ കെട്ടിടത്തിലാണ്. ഇതിന് അൽപം മാറി താലൂക്ക് ഓഫിസിന് സമീപമാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അറ്റകുറ്റപ്പണികൾ നടന്നിട്ടുണ്ടെങ്കിലും ഈ കെട്ടിടവും ജീർണാവസ്ഥയിൽ തന്നെയാണ്.
നാല് കിലോമീറ്റർ അകലെ തോട്ടക്കരയിൽ വാടക കെട്ടിടത്തിലാണ് കുടുംബ കോടതി പ്രവർത്തിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ കോടതികളിൽ സമയത്തിന് ഹാജരാകാൻ അഭിഭാഷകർക്കും ഗുമസ്തന്മാർക്കും കക്ഷികൾക്കും നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. പദ്ധതിക്കായി 2012ൽ സംസ്ഥാന സർക്കാർ ഒമ്പത് കോടി അനുവദിച്ചിരുന്നതാണ്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഇത് മുടങ്ങി.
കേസുകളുടെ ബാഹുല്യവും സ്ഥലപരിമിതിയും മൂലം കോടതിയിലെത്തുന്ന കക്ഷികളും അഭിഭാഷകരും നിന്നുതിരിയാൻ ഇടമില്ലാതെ വിയർക്കുന്ന സ്ഥിതിയാണ്. കോടതികൾ ഒരു കൂരക്ക് കീഴിൽ വരുന്നതോടെ വ്യവഹാരങ്ങളുമായി വിവിധ കോടതികളിൽ ഹാജരാകുന്നതിനുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. നൂറ്റാണ്ട് പിന്നിട്ട കോടതിക്കെട്ടിടം പൊളിച്ചാണ് പുതിയ കോർട്ട് കോംപ്ലക്സ് നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.