പാലക്കാട്: റേഷന്‍കട തലത്തിൽ വിജിലന്‍സ് കമ്മിറ്റികള്‍ അടിയന്തരമായി ചേരാൻ ജില്ലതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ദേശീയ ഭക്ഷ്യഭദ്രത നിയമം 2013 കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അനര്‍ഹരായ ആളുകള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാന്‍ റേഷന്‍ കടകള്‍ അടിസ്ഥാനമാക്കി വിജിലന്‍സ് കമ്മിറ്റികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു. പാചകവാതകം, ഭക്ഷ്യവസ്തുക്കള്‍, മത്സ്യ-മാംസങ്ങള്‍, പഴം-പച്ചക്കറി എന്നിവയുടെ വില കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പാചകവാതകത്തിന് ഏജന്‍സികള്‍ വിവിധ വില ഈടാക്കുന്നത് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളിലൂടെ ദിനംപ്രതി വില വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കുമെന്ന് എ.ഡി.എം അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് അരിയും വിഷാംശമുള്ള പാലും പിടിച്ചെടുക്കുന്നതിന്റെ അളവ് ദിനംപ്രതി കൂടുന്നുണ്ട്. ഓണം സീസണ്‍ കണക്കിലെടുത്ത് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നു.
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍, റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം മുതലായവ തടയുന്നതിന് ജില്ലയിലെ വിപണി പരിശോധനക്കായി താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ മൂന്നുമുതല്‍ ഏഴ് വരെ സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം വി. രമേശന്‍, ജില്ല സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍, ഫുഡ് സേഫ്റ്റി നോഡൽ ഓഫിസര്‍ സി.എസ്. രാജേഷ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഇ. വിനോദ്, ജനപ്രതിനിധികള്‍ പങ്കെടുത്തു.
പാലക്കാട്: ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ 3,28,106 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. സെപ്റ്റംബര്‍ നാലുവരെ കിറ്റ് വിതരണം നടത്തും.
ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വാങ്ങാം. ജൂലൈ 30 വരെ ലഭിച്ച 45,603 അപേക്ഷകളില്‍ 3109 എണ്ണം എ.എ.വൈ വിഭാഗത്തിലേക്കും 36,407 എണ്ണം പി.എച്ച്.എച്ച് വിഭാഗത്തിലേക്കും തരം മാറ്റുന്നതിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.