കല്ലടിക്കോട്: നവീകരിച്ച നാട്ടുകൽ - താണാവ് ദേശീയപാതയിൽ അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടും അപകടങ്ങൾ തുടർക്കഥയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് പുതിയ ജി.എം.എൽ.പി സ്കൂൾ പരിസരത്തെ തുപ്പനാട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിച്ച ഭാഗത്താണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ബ്രിട്ടീഷുകാർ ആദ്യകാലത്ത് നിർമിച്ച പാലത്തിന്റെ കരിങ്കല്ല് തൂണുകൾ പൊളിച്ച് മാറ്റിയാണ് ഈ ഭാഗത്ത് പുതിയ പാലം നിർമിച്ചത്. പഴയ ടാറിട്ട റോഡും വെട്ടിപ്പൊളിച്ചു. സമതലം നിരപ്പാക്കി. ഇരു വശങ്ങളിലും മണ്ണും കല്ലും നിറച്ച് ഉയർത്തി. പാതവക്കിലും പുഴക്കരയിലും ബാരിക്കേഡുകൾ സ്ഥാപിച്ചു.
എന്നാൽ, റോഡ് വീതി കൂട്ടിയിട്ടും അപരിചിതരും അതിവേഗതയിലും അശ്രദ്ധയിലും വാഹനം ഓടിക്കുന്നവർ അപകടത്തിനിരയാവുകയാണ്. പാലവും പാതയും ഒരുക്കി ഒരു മാസം തികയും മുമ്പെ ചെറുതും വലുതുമായ 50ലധികം വാഹനാപകടങ്ങൾ ഉണ്ടായി. അപകടത്തിൽ പരിക്കേറ്റ അര ഡസനിലധികം പേർ നിലവിൽ ആശുപത്രിയിലും വീടുകളിലും ചികിത്സയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം മാച്ചാംതോട്, ചൂരിയോട് പാലങ്ങൾക്ക് സമീപവും രണ്ട് വാഹനങ്ങൾ അപകടത്തിൽപെട്ടു. മാച്ചാംതോടിൽ കാർ പാതവക്കിലെ താഴ്ചയിലേക്ക് മറിഞ്ഞു. മഞ്ചേരി സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂരിയോട് പാലത്തിനടുത്ത് ബാരിക്കേഡിലിടിച്ച് നിന്ന ലോറി തലനാരിഴക്കാണ് പുഴമ്പള്ളയിലെ താഴ്ചയിലേക്ക് മറിയാതിരുന്നത്. അപകടങ്ങൾ പതിവായ പ്രദേശങ്ങളിലെല്ലാം ദേശീയപാതയിൽ കൂടുതൽ സുരക്ഷ ക്രമീകരണങ്ങൾ ആവശ്യമായി വരും. പല സ്ഥലങ്ങളിലും വഴിവിളക്കുകൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. ഇതുകൂടാതെ പുതുപ്പരിയാരം എരിവരിതോട്, വേലിക്കാട്, കാഞ്ഞിക്കുളം, കല്ലടിക്കോട് കനാൽ ജങ്ഷൻ, പൊന്നങ്കോട് എന്നീ പ്രദേശങ്ങളിലെ പാലങ്ങളുടെ അടുത്തും അപകടങ്ങൾ പെരുകുന്നുണ്ട്. ഇരുചക്ര വാഹന യാത്രികരാണ് ഏറെയും അപകടത്തിൽപെടുന്നത്. ഇതിനൊരു അറുതിയുണ്ടാവണമെന്നാണ് പൊതുആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.