ആലത്തൂർ: പള്ളികളിൽ നമസ്കാരത്തിന് എത്തുന്നവരെ നിയന്ത്രിക്കാൻ യന്ത്രസംവിധാനം. അകത്ത് പ്രവേശിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കാൻ പ്രത്യേകം സംവിധാനമാണ് ആലത്തൂർ ഭാഗത്തെ ചില പള്ളികളിൽ ഏർപ്പെടുത്തിയത്. ഇതിനായി പ്രത്യേക യന്ത്രവും ഉപയോഗത്തിനായി കാർഡുമുണ്ട്. റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (ആർ.എഫ്-ഐ.ഡി) എന്നാണ് സംവിധാനത്തിെൻറ പേര്. ആക്സസ് കൺട്രാൾ സിസ്റ്റം പ്രവർത്തിപ്പിക്കാനാണ് കാർഡ്. ഇൻസിയോ (INIZIO) എന്ന സ്റ്റാർട്ടപ്പ് സംരംഭകരാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.
നമസ്കാരത്തിന് പള്ളിയിൽ പോകണമെന്നുള്ളവർ നേരത്തേ വിവരങ്ങൾ നൽകി കാർഡ് വാങ്ങണം. ഒരിക്കൽ വാങ്ങുന്ന കാർഡ് പിന്നീടും ഉപയോഗിക്കാം. പള്ളിയിലെ സ്ഥലസൗകര്യം കണക്കിലെടുത്ത് തിട്ടപ്പെടുത്തുന്ന എണ്ണം ആളുകളെ മാത്രമേ യന്ത്രം ഒരു സമയം കടത്തിവിടൂ. കാർഡുണ്ടെങ്കിലും നിശ്ചിത എണ്ണം ആളുകൾ അകത്ത് പ്രവേശിച്ചാൽ പിന്നെ കടക്കാൻ യന്ത്രം അനുവദിക്കില്ല.
യന്ത്രത്തിൽ കാർഡ് കാണിച്ചാൽ (ടാപ്പ് ചെയ്താൽ) ഊഷമാവ് അനുവദീയ അളവിലാണെങ്കിൽ ടിക് ചിഹ്നമോ പച്ച വിളക്കോ സ്ക്രീനിൽ തെളിയുന്നതോടെ വാതിലിെൻറ ലോക്ക് തുറക്കും. ഈ സമയം വാതിൽ തുറന്ന് അകത്ത് കടക്കണം. കടക്കാൻ സമയം വൈകിയാൽ വീണ്ടും കാർഡ് കാണിക്കേണ്ടി വരും. നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും നേരത്തേതുപോലെ കാർഡ് ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിൽ ടാപ്പ് ചെയ്യണം. എങ്കിലെ വാതിൽ തുറക്കൂ. ആലത്തൂരിലെ ജുമാ മസ്ജിദ്, ഇശാഅത്തുൽ ഇസ്ലാം മസ്ജിദ്, ലിങ്ക് റോഡ് മസ്ജിദ്, വെങ്ങന്നൂർ മക്ക മസ്ജിദ് എന്നിവിടങ്ങളിലും വടക്കഞ്ചേരിയിലെ ടൗൺ മസ്ജിദിലുമാണ് സംവിധാനമുള്ളത്. എ. അമീൻ അഫ്സൻ, എ.ജെ. മൻസൂർ, റംഷാദ് ബഷീർ, എ. മുഹമ്മദ് ആരിഫ് എന്നീ യുവ എൻജിനിയറിങ് ബിരുദധാരികളും എൻജിനിയറിങ് വിദ്യാർഥിയായ എ. അഖീൽ അഫ്സനും ചേർന്നാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. യന്ത്രവും 100 കാർഡും ഉൾപ്പെടുന്ന ഒരു യൂനിറ്റിന് 25,000 രൂപ ചെലവ് വരുമെന്നും സംരംഭകർ പറഞ്ഞു. ആവശ്യക്കാർക്ക് നിർമിച്ചു നൽകുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.