പാലക്കാട്: ആതുരസേവനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ഗ്രാമീണ വികസനവും സമന്വയിപ്പിക്കുന്നതിൽ വേറിട്ട വ്യക്തി പ്രഭാവത്തിന് ഉടമയാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭൻ. ഇപ്പോൾ അട്ടപ്പാടി ട്രൈബൽ ആശുപത്രിയിലെ ഓർത്തോപിഡിഷ്യനായ ഇദ്ദേഹം നാലുവർഷത്തോളം പാലക്കാട് മെഡിക്കൽ കോളജ് ഡയറക്ടറായിരുന്നു.
മനുഷ്യ ജീവൻ എന്നപോലെ പ്രകൃതി ജീവനും നിലനിൽക്കണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ താൻ ജോലിചെയ്ത ഇടങ്ങളിലെല്ലാം പ്രകൃതി സംരക്ഷണത്തിനായി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തി. മരങ്ങൾ വെക്കുക മാത്രമല്ല ഒഴിവുസമയങ്ങളിൽ വെള്ളവും വളവും നൽകി അവയെ സംരക്ഷിക്കുകകൂടി ചെയ്യുന്നുണ്ട്.
ആതുരസേവനരംഗത്തുള്ളവർ സാമ്പത്തികനേട്ടത്തിനായി പരക്കംപായുമ്പോഴാണ് ചികിത്സക്കുശേഷമുള്ള തന്റെ സമയം വൃക്ഷ സംരക്ഷണത്തിനായി ഇദ്ദേഹം നീക്കിവെക്കുന്നത്. ഇദ്ദേഹം ജോലിചെയ്തിടങ്ങളിലെല്ലാം ഇത്തരം രീതിയിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും അവസംരക്ഷിച്ചു പോരുകയും ചെയ്യുന്നുണ്ട്. നട്ടുപിടിപ്പിച്ചവയെ സംരക്ഷിക്കാൻ സഹപ്രവർത്തകരും കൂട്ടായി ഉണ്ടെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
2005 കാലഘട്ടത്തിൽ പട്ടാമ്പി ഓങ്ങലൂർ ഡിസ്പെൻസറി വളപ്പിൽ വെച്ചുപിടിപ്പിച്ച മരങ്ങളെല്ലാം ഇന്ന് തണലേകി പച്ചവിരിച്ചുനിൽക്കുന്നുണ്ട്. പ്രകൃതി സ്നേഹിയായ ഇദ്ദേഹം സൈക്കിൾ യാത്രികനും നീണ്ട യാത്രയിലൂടെ അതിന്റെ പ്രചാരകനുമാണ്. തന്റെ ഒട്ടുമിക്ക ഔദ്യോഗികയാത്രകൾക്കും പൊതുഗതാഗതത്തെയാണ് ഡോക്ടർ ആശ്രയിക്കാറ്.
പട്ടാമ്പി തിരുവേഗപ്പുറ മാടത്തിൽമന പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് പിതാവ്. പട്ടാമ്പിയിലെ അഭിഭാഷകയായ സ്മിതയാണ് ഭാര്യ. മക്കളിൽ മൂത്തയാൾ ബി.ഡി.എസിനും രണ്ടാമത്തെയാൾ പത്താംക്ലാസിലും പഠിക്കുന്നു. തിരുവേഗപ്പുറ സ്വദേശിയായ ഡോ. പത്മനാഭൻ നിലവിൽ പട്ടാമ്പി കിഴായൂരിലാണ് താമസം.
പട്ടാമ്പി പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രത്തിന്റെ മുഖ്യ സംഘാടകരിലും ഒരാളാണ്. ഈ വർഷം നൂറോളം വൃക്ഷ തൈകളാണ് മുക്കാലിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് നൽകാമെന്ന് ഏറ്റിട്ടുള്ളത്.
2024ലെ ലോക പരിസ്ഥിതി ദിനം ‘ഭൂമി പുനരുദ്ധാരണം, വരൾച്ച പ്രതിരോധം, മരുഭൂവത്കരണ പുരോഗതി ത്വരിതപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ഈവർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യമായി സൗദി അറേബ്യയെയാണ് തെരഞ്ഞെടുത്തത്.
വിശാലമായ മരുഭൂമിയുടെ ഭൂപ്രകൃതിയും അതുല്യമായ പാരിസ്ഥിതിക അന്തരീക്ഷവുമുള്ള സൗദി അറേബ്യക്ക് ഭൂമിയുടെ നശീകരണം, മരുഭൂകരണം, ജലക്ഷാമം തുടങ്ങിയ വെല്ലുവിളികൾ നന്നായി അറിയാം. ഈ വർഷം ആതിഥേയരുടെ പങ്ക് ഏറ്റെടുക്കുന്നതിലൂടെ, പരിഹാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനും അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനുമുള്ള പ്രതിബദ്ധതക്ക് സൗദി അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.