മണ്ണാര്‍ക്കാട്: വർഗ ഐക്യത്തെ തകര്‍ക്കുന്ന വർഗീയതക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ ആഹ്വാനം ചെയ്ത് സി.ഐ.ടി.യു 15ാം ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് സമാപനം.
രാജ്യത്തിന്റെ ഭരണഘടനയുടെ മൗലിക തത്ത്വങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹികനീതി, സാമ്പത്തിക പരമാധികാരം എന്നിവയെ ദുർബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഉണ്ടാകുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്പൂർണ സ്വകാര്യവത്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി നിരക്ക് വർധനവിന് ഇടയാക്കുന്നതുമായ 'വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022' പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ബി ലിമിറ്റഡിനെ പൊതുമേഖലയില്‍ ഒറ്റസ്ഥാപനമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അതിന് പ്രതിബന്ധമായ ഭേദഗതികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം പൊതുചര്‍ച്ച, സംസ്ഥാന, ജില്ല കമ്മിറ്റികളുടെ മറുപടി എന്നിവയും തെരഞ്ഞെടുപ്പും നടന്നു. ജില്ല പ്രസിഡന്റ് പി.കെ. ശശി അധ്യക്ഷത വഹിച്ചു. എ.കെ. ബാലന്, എം.കെ. കണ്ണന്, വി.സി. കാർത്യായനി, എന്‍.എന്‍. കൃഷ്ണദാസ്, എം. ഹംസ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പി.കെ. ശശി (പ്രസി.), എം. ഹംസ (സെക്ര.), ടി.കെ. നൗഷാദ് (ട്രഷ.).
സമ്മേളനം തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് അരലക്ഷം പേരുടെ റാലി ടി. ശിവദാസ മേനോന് നഗറില്‍ (എം.ഇ.എസ് കല്ലടി കോളജ് മൈതാനം) നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.