അകത്തേത്തറ: ശിവരാമൻ നടന്നുനീങ്ങിയത് മരണത്തിലേക്കാണെന്നത് ആരും നിനച്ചിരിക്കാത്ത യാഥാർഥ്യമായി. സുഹൃദ് വലയത്തിലെ ആറ് ചങ്ങാതിമാരെപ്പോലെ ധോണി നിവാസികളെയും ഇദ്ദേഹത്തിന്റെ വേർപാട് കണ്ണീരിലാഴ്ത്തി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ശിവരാമൻ ഉൾപ്പെടുന്ന പത്ത് പേർ രണ്ട് ബാച്ചുകളിലായാണ് വെള്ളിയാഴ്ച രാവിലെ അഞ്ചോടെ നടക്കാനിറങ്ങിയത്. ശിവരാമനും രാജേഷും ഒന്നിച്ച് മുമ്പേ നടന്ന് നീങ്ങി. തൊട്ട് പിറകിൽ നാലുപേർ ഉണ്ടായിരുന്നു. മറ്റ് രണ്ട് പേരും ഇവരുടെ പിറകിലുണ്ടായിരുന്നു. ശിവരാമനും രാജേഷും കാട്ടാനയുടെ മുന്നിലകപ്പെട്ടത് ഉമ്മിനി സ്കൂളിനും ഐ.ടി.സിക്കും ഇടയിൽവെച്ചാണ്. മുന്നിലുണ്ടായിരുന്ന ശിവരാമനെ കാട്ടാന കുത്തിയതോടെ പാടത്ത് തെറിച്ചുവീണു. ഉടൻ കാട്ടാന പാടത്തിറങ്ങി ശിവരാമനെ ചവിട്ടിമെതിച്ചു. പിന്നിൽ നടന്ന കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ സൗന്ദരരാജ്, ശശിധരൻ, അബ്ദുൽ മാലിക്, പ്രഭാകരൻ എന്നിവർ 60 മീറ്റർ അകലെ നിന്ന് സംഭവസ്ഥലത്തെത്തിയപ്പോൾ കാട്ടാന തിരിച്ച് പോയിരുന്നു. അവർ എത്തിയപ്പോൾ ശിവരാമന്റെ ശിരസ്സും ശരീര ഭാഗങ്ങളും പാടത്ത് ചളിയിൽ മുങ്ങിയ നിലയിലായിരുന്നു. കാൽ മാത്രമാണ് മുകൾ ഭാഗത്ത് ഉയർന്ന് കണ്ടിരുന്നത്. ചളിയിൽനിന്ന് ഉയർത്തി കഴുകി ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ കൊണ്ടുപോയി.
20 വർഷം പതിവായി ധോണി-ഉമ്മിനി സ്കൂൾ റോഡിൽ പ്രഭാത സവാരി നടത്താറുള്ള സൗന്ദരരാജും സുഹൃത്തുക്കളും ഇത് കാട്ടാന വരുന്ന വഴിയല്ലെന്ന് തറപ്പിച്ച് പറയുന്നു. ശിവരാമന്റെ വേർപാടിന്റെ ഞെട്ടലിൽനിന്ന് സുഹൃത്തുക്കളും വീട്ടുകാരും ഇനിയും മുക്തരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.