പട്ടാമ്പി: എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് ഒടുവിൽ പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചു. ആഗസ്റ്റ് 18 മുതൽ പട്ടാമ്പിയിൽ വണ്ടി നിർത്തിത്തുടങ്ങും. കണ്ണൂരിലേക്കുള്ള യാത്രയിൽ രാവിലെ 8.24നും എറണാകുളത്തേക്കുള്ള യാത്രയിൽ വൈകീട്ട് 5.22നും പട്ടാമ്പിയിൽ എത്തും. അര നൂറ്റാണ്ടിലേറെയായി അവഗണിക്കപ്പെട്ട ആവശ്യത്തിനാണ് റെയിൽവെ പച്ചക്കൊടി വീശിയത്. പട്ടാമ്പി വികസന സമിതി, സീനിയർ സിറ്റിസൺ ഫോറം, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ പതിറ്റാണ്ടുകളുടെ നിലവിളിക്കാണ് റെയിൽവേ ഉത്തരം നൽകിയിരിക്കുന്നത്.
വരുമാനക്കുറവും അടുത്ത സ്റ്റേഷനിലേക്കുള്ള ദൂരവും ചൂണ്ടിക്കാണിച്ചാണ് ഇതുവരെ സ്റ്റോപ്പ് എന്ന ആവശ്യം റെയിൽവേ തള്ളിക്കളഞ്ഞിരുന്നത്. പട്ടാമ്പി വികസന സമിതി സെക്രട്ടറി ഡോ. കെ.പി. മുഹമ്മദ്കുട്ടിയുടെ നിവേദന ശേഖരത്തിൽ ഏറെയും പട്ടാമ്പി റെയിൽവേ സ്റ്റേഷൻ വികസനത്തിന്റേതാണ്. അതിൽ തന്നെ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് വേണമെന്നതും. മാധ്യമങ്ങളും വർഷങ്ങളായി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയും സമരമുഖത്തുണ്ടായിരുന്നു.
മൂന്ന് ദീർഘദൂര വണ്ടികൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന നിലവിളി പഴകിത്തേഞ്ഞതാണ്. എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ്, കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസ്സ് വണ്ടികൾ നിർത്തിക്കിട്ടാൻ മുട്ടാത്ത വാതിലുകളില്ല. 2009ൽ റെയിൽവേ സഹമന്ത്രിയായി സ്ഥാനമേറ്റ ഇ. അഹമ്മദിന്റെ ജനസമ്പർക്ക പരിപാടി ഏറെ പ്രതീക്ഷ നൽകിയിരുന്നു. യാത്രാ വണ്ടി പട്ടാമ്പി സ്റ്റേഷനിലെത്തിയപ്പോൾ വിവിധ സംഘടനകൾ വെവേറെ നൽകിയ നിവേദനങ്ങൾക്ക് റെയിൽവേ കടലാസ് വിലപോലും കൽപിച്ചില്ല. 2010 -11 റെയിൽവേ ടൈം ടേബിളിൽ റെയിൽവേ ഡിവിഷൻ മാനേജർ സ്റ്റോപ്പ് ശിപാർശ ചെയ്തിരുന്നെങ്കിലും നടപ്പായില്ല. 12 കിലോമീറ്റർ വിട്ട് ഷൊർണൂർ സ്റ്റേഷനുണ്ടെന്നതാണ് സ്റ്റോപ്പ് നിഷേധിക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഒമ്പത് കിലോമീറ്റർ മാത്രം വ്യത്യാസമുള്ള ചങ്ങനാശ്ശേരി, തിരുവല്ല സ്റ്റേഷനുകളോടോ എട്ട് കിലോമീറ്റർ വ്യത്യാസമുള്ള മാവേലിക്കര, കായംകുളം സ്റ്റേഷനുകളോടോ ഈ തൊട്ടുകൂടായ്മ റെയിൽവേക്കില്ല. സ്റ്റോപ്പുള്ള പരപ്പനങ്ങാടി, താനൂർ, വള്ളിക്കുന്ന്, പയ്യോളി സ്റ്റേഷനുകൾക്ക് മുന്നിലാണ് വരുമാനത്തിന്റെ കാര്യത്തിലും പട്ടാമ്പി.ജനപ്രതിനിധികളും നാട്ടുകാരും സംഘടനകളും കൂട്ടായി ആവശ്യപ്പെട്ടിട്ടും നാളിതുവരെ യാഥാർഥ്യമാകാതിരുന്ന ആവശ്യത്തിലാണ് റെയിൽവേ കാതു തുറന്നിരിക്കുന്നത്.
സ്റ്റോപ്പ് അനുവദിച്ചെന്ന വാർത്ത വന്നതോടെ അവകാശവാദങ്ങളും കൊഴുക്കുകയാണ്. ബി.ജെ.പി തങ്ങളുടെ നേട്ടമായി ആഘോഷം തുടങ്ങിയപ്പോൾ ലോക്സഭയിൽ വി.കെ. ശ്രീകണ്ഠൻ എം.പി സബ്മിഷൻ ഉന്നയിച്ചതാണ് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. യാതൊരു പ്രതീക്ഷയുമില്ലാതെ നിരന്തരം ഇക്കാര്യമുന്നയിച്ചപ്പോൾ പരിഹസിച്ചിരുന്നവരൊക്കെ അവകാശവാദങ്ങളുമായി വരുന്നവരുടെ കൂട്ടത്തിലുണ്ടെന്നതാണ് കൗതുകം.
പട്ടാമ്പി: ഇന്റർസിറ്റിക്ക് ലഭിച്ച സ്റ്റോപ് പോരാടി നേടിയ വിജയമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. നാല് വർഷമായി റെയിൽവേ മന്ത്രിമാരോട് നിരന്തരമായി ആവശ്യപ്പെടുകയും നിരവധി തവണ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്ത എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം അംഗീകരിച്ചതിന് റെയിൽവേ മന്ത്രാലയത്തോട് നന്ദി രേഖപ്പെടുത്തുകയാണ്.
പട്ടാമ്പി മേഖലയിലെ യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമായത്. എല്ലാ വർഷവും ജനറൽ മാനേജർ വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമ്പോൾ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വരുമാനം കുറവാണെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. 2023 മാർച്ച് രണ്ടിന് ജനറൽ മാനേജർ പാലക്കാട്ട് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ശക്തമായി വാദിച്ചു. അതുവഴി വരുമാനം വർധിക്കുമെന്നും സൂചിപ്പിച്ചു.
മറുപടി പ്രസംഗത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പ് പരിഗണിക്കാമെന്ന് ജനറൽ മാനേജർ ഉറപ്പും നൽകിയിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ ജൂലൈ 24ന് ലോക്സഭയിൽ റൂൾ 377 പ്രകാരം ഇക്കാര്യം ഉന്നയിച്ചിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപറേറ്റിങ് മാനേജർ എന്നിവരുടെ ഇടപെടലുകളും സ്റ്റോപ്പ് അനുവദിക്കാൻ സഹായകരമായി. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിക്കപ്പെട്ട ഈ സ്റ്റോപ്പ് സ്ഥിരമാക്കാൻ മേഖലയിലെ ട്രെയിൻ യാത്രക്കാരുടെ പിന്തുണ കൂടി വേണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി അഭ്യർഥിച്ചു.
പട്ടാമ്പി: കണ്ണൂർ - എറണാകുളം ഇന്റർസിറ്റി, മാവേലി, വെസ്റ്റ് കോസ്റ്റ്, യശ്വന്തപുരം എക്സ്പ്രസുകൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകുകയും ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനക്കായി സമർപ്പിക്കുകയും ചെയ്തിരുന്നുവെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടി രണ്ട് വർഷം മുമ്പ് തന്നെ ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ യാഥാർഥ്യമാക്കാൻ സാധിച്ചിരുന്നില്ല.
കൂടാതെ യാത്രക്കാരും താലൂക്ക് ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാൻ അനുയോജ്യമായ സമയം എന്ന നിലക്ക് സംസ്ഥാന സർക്കാറും ഈ ആവശ്യം റെയിൽവേയുടെ മുന്നിൽവെച്ചിരുന്നു. ഈ ആവശ്യങ്ങൾക്ക് സാധൂകരണം നൽകുന്ന തീരുമാനമാണ് ദക്ഷിണ റെയിൽവേ സ്വീകരിച്ച നടപടിയെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.