ഭീഷണിയായി കാലാവസ്ഥ വ്യതിയാനം, പുഴു -കാട്ടുപന്നി ശല്യം, മഴക്കുറവ്...
പഴയലക്കിടി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നഷ്ടം സഹിച്ചാണെങ്കിലും ചുരുക്കം ചില കർഷകർ ഒന്നാംവിള കൃഷിയിറക്കി. ലക്കിടി പേരൂർ പഞ്ചായത്തിലെ തെക്കുംചെറാട് പാടശേഖരത്തിലാണ് നാമമാത്രമായ കർഷകർ ഇത്തവണ ഒന്നാം വിളയിറക്കിയത്. കാലാവസ്ഥ വ്യതിയാനം, പുഴുശല്യം, കാട്ടുപന്നി ശല്യം, മഴക്കുറവ്, കള ശല്യം എന്നിവയെ തുടർന്ന് ഭൂരിഭാഗം കർഷകരും ഒന്നാംവിള ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ എന്ത് തന്നെ നഷ്ടം സഹിച്ചാലും ചില കർഷകർ ഒന്നാംവിളയിറക്കുന്ന തിരക്കിലാണ്. നാട്ടിലെ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തിയാണ് കർഷകനായ വാസു വട്ടപറമ്പിൽ ഇത്തവണ ഒന്നാം വിളയിറക്കുന്നത്.
110 ദിവസം പ്രായമുള്ള കാഞ്ചന വിത്താണ് വാസു വിതക്കുന്നത്. തെക്കും ചെറാട് പാടശേഖരത്തിൽ ഏകദേശം 80തോളം കർഷകരുണ്ടങ്കിലും വിരലിലെണ്ണാവുന്ന കർഷകർ മാത്രമാണ് ഒന്നാംവിളയിറക്കുന്നത്. ഒരു ഏക്കർ കൃഷിയിറക്കാൻ 15,000 രൂപ ചിലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു.
ആലത്തൂർ: ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ നെൽകൃഷി മേഖലയിൽ നടീലും പ്രതിസന്ധിയിലാകുന്നു. തുടക്കത്തിൽ മഴ കിട്ടാതെ വിത നടത്താൻ കഴിയാതെ പോയിരുന്നു. പിന്നീട് മഴ പെയ്തതോടെ ഞാറ്റടി തയ്യാറാക്കി നടീൽ നടത്താമെന്നായപ്പോൾ വീണ്ടും ചിലയിടങ്ങളിൽ ആവശ്യത്തിന് മഴ കിട്ടാതെ വന്നതിനെ തുടർന്ന് നടീലും പ്രതിസന്ധിയിലായി. ഒറ്റപ്പെട്ട മഴ ഇടക്കിടെ പെയ്യുന്നുണ്ടെങ്കിലും വയലിൽ മതിയായ തോതിൽ വെള്ളമില്ല. അത് കൊണ്ട് നിലമുഴുതൽ നടത്താൻ കഴിയുന്നില്ല. ഇതോടെ നെൽകൃഷി മേഖലയിലെ ഒന്നാം വിളയായ വിരിപ്പ് കൃഷിയാണ് പ്രതിസന്ധിയിലാകുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒന്നാം വിളക്ക് പൊടി വിതയാണ് നടത്തുക. അതാണ് തുടക്കത്തിലേ പാളിയത്. മിഥുന മാസത്തിലും മഴ മടിച്ച് നിൽക്കുന്നതാണ് കർഷകരെ കുഴക്കുന്നത്. വീത നടന്നിരുന്നുവെങ്കിൽ കളപറി നടത്തേണ്ട സമയമായി. ഇപ്പോൾ നടീൽ പോലും തീർക്കാൻ കഴിയാതെ വലയുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.