ഒറ്റപ്പാലം: പൊതു അവധി ദിനമായ ഞായറാഴ്ച ഒറ്റപ്പാലം താലൂക്ക് ഓഫിസിലെ മുഴുവൻ ജീവനക്കാരും ജോലിക്കെത്തി. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് അവധിദിനം പ്രവൃത്തി ദിനമായി മാറ്റിയത്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മാസത്തിൽ ഒരു അവധി ദിനം പ്രവർത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനംകൂടി കണക്കിലെടുത്താണ് ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ച് ജീവനക്കാർ ജോലിക്കെത്തിയത്. വില്ലേജ് ഓഫിസുകളിൽ ജൂലൈ ഒന്നു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലും താലൂക്ക് ഓഫിസിൽ 18 മുതൽ 23 വരെ സബ് കലക്ടറുടെ നേതൃത്വത്തിലും ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് അദാലത്തുകൾ നടത്തുമെന്ന് ഒറ്റപ്പാലം തഹസിൽദാർ സി.എം. അബ്ദുൽ മജീദ് പറഞ്ഞു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് തഹസിൽദാർക്ക് പുറമെ നോഡൽ ഓഫിസർ കൂടിയായ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ജി. ഗോപാൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.