കോട്ടായി: റവന്യൂ വകുപ്പ് 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽനിന്ന് 50 ലക്ഷം ചെലവഴിച്ച് പണി പൂർത്തീകരിച്ച കോട്ടായി നമ്പർ -1 സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസമായിട്ടും അടഞ്ഞുകിടക്കുന്നു. കെട്ടിട നമ്പറും വൈദ്യുതിയും ലഭിക്കാത്തതാണ് കെട്ടിടം അടച്ചിടാൻ കാരണമെന്ന് പറയുന്നു. പഴയ വില്ലേജ് ഓഫിസ് കെട്ടിടം പഴകി ദ്രവിച്ചും ചോർന്നൊലിച്ചും തകർച്ചാഭീഷണയിലായതിനെ തുടർന്നാണ് 50 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്.
കെട്ടിട നിർമാണത്തിന്റെ മുഴുവൻ ചുമതലയും നിർമിതി കേന്ദ്രക്കാണ്. കെട്ടിട നമ്പർ വാങ്ങിക്കുകയും വൈദ്യുതി കണക്ഷൻ എത്തിക്കുകയും ചെയ്യേണ്ടത് നിർമിതി കേന്ദ്രക്കാണ്. പക്ഷെ, അവർ അക്കാര്യം പൂർത്തീകരിച്ചില്ലെന്നാണ് ആരോപണം.
2024 ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നത്. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ അടച്ചിട്ട കെട്ടിടം ഇന്നേവരെ തുറന്നിട്ടില്ലാത്തത് സർക്കാറിന്റെ കെടുകാര്യസ്ഥതക്ക് മികച്ച ഉദാഹരണമാണെന്നും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയത് പ്രഹസനമാണെന്നും നാട്ടുകാർ പറയുന്നു.
നിലവിൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ പുറത്തു കാണുന്ന രീതിയിലാണെന്നും ഭയത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും ജീവനക്കാർ പറയുന്നു. കെട്ടിട നമ്പർ ലഭിക്കാൻ പഞ്ചായത്ത് ഭരണസമിതിയും ഇടപെടണമെന്നും നാട്ടുകാർ അവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.