പാലക്കാട്: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ പരക്കെ നാശം. പട്ടാമ്പി ഓങ്ങല്ലൂരിൽ വീട് തകർന്ന് വയോധികൻ മരിച്ചു. മച്ചിങ്ങത്തൊടി മൊയ്തീനാണ് (മാനു-70) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെയായിരുന്നു അപകടം. നെല്ലിയാമ്പതിയിൽ കുണ്ടറച്ചോല, ചെറുനെല്ലി, മരപ്പാലം ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ജനവാസമേഖലയടക്കം നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു.
അട്ടപ്പാടിയിൽ കനത്ത മഴയിൽ പോസ്റ്റുകൾ കടപുഴകിയും മരങ്ങൾ വീണും വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വെള്ളിയാഴ്ച വൈകിയും ശ്രമംതുടരുകയാണ്. പ്രദേശത്ത് നാലു ദിവസത്തോളമായി വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
പലയിടത്തും കനത്തമഴയിൽ വീടുകൾ തകർന്നു. മങ്കര മിനി ശബരിമല ക്ഷേത്രത്തിെൻറ മതിൽ മഴയിൽ നിലംപൊത്തി. പറമ്പിക്കുളം റോഡിൽ തൂണക്കടവിനടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഭവാനി, ശിരുവാണി നദികളിൽ ജലനിരപ്പുയർന്നതോടെ സമീപവാസികൾ ആശങ്കയിലായി. ഇവിടങ്ങളിൽ ജാഗ്രതാനിർദേശം നൽകിയതായും ആവശ്യമെങ്കിൽ പരിസരവാസികെള മാറ്റിപ്പാർപ്പിക്കാൻ ഒരുക്കം നടത്തിവരുന്നതായും അധികൃതർ പറഞ്ഞു. മഴക്കൊപ്പം കാറ്റും ശക്തമായതോടെ അട്ടപ്പാടിയിൽ വ്യാപക കൃഷിനാശമുണ്ടായി. നഷ്ടം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. നെല്ലിയാമ്പതി റോഡിൽ മരങ്ങൾ വീണും മണ്ണിടിഞ്ഞും തടസ്സപ്പെട്ട ഗതാഗതം വെള്ളിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധവും ഭാഗികമായി പുനഃസ്ഥാപിക്കാനായതായി അധികൃതർ അറിയിച്ചു.
മൂന്ന് ക്യാമ്പുകൾ തുറന്നു
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ആലത്തൂരിൽ ഒരു ക്യാമ്പ് കൂടി തുറന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് താലൂക്കിൽ രണ്ട് ക്യാമ്പ് തുറന്നിരുന്നു. മണ്ണാർക്കാട് താലൂക്കിൽ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോമിലുമാണ് ക്യാമ്പുകൾ നിലവിലുണ്ടായിരുന്നത്.
മണ്ണാർക്കാട് താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 34 പേരാണ് ഉള്ളത് (സ്ത്രീ 12, പുരുഷൻ ഒൻപത്, കുട്ടികൾ 13). ആലത്തൂരിൽ പാറശ്ശേരി അംഗൻവാടിയിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണുള്ളത് (സ്ത്രീ രണ്ട്, പുരുഷൻ ഒന്ന്).
റോഡുകൾ തടസ്സപ്പെട്ടു
നെന്മാറ-നെല്ലിയാമ്പതി റോഡിൽ ചില ഭാഗങ്ങൾ കനത്ത മഴയിലും മരംവീണും തകർന്നു. പാലക്കാട്-പെരിന്തൽമണ്ണ, കുമരംപുത്തൂർ-ഒലിപ്പുഴ, തൃത്താല-വി.കെ കടവ്-പട്ടാമ്പി കോസ് വേ റോഡുകളിൽ മരം വീഴുകയും ഇവ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തൃത്താല-വി.കെ കടവ്-പട്ടാമ്പി കോസ്വേ റോഡിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പറളി കോസ്വേ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
പട്ടാമ്പിയിൽ ക്യാമ്പുകള്‍ ഒരുക്കും
പട്ടാമ്പി: കാലവർഷം കനക്കുന്നതോടെ പട്ടാമ്പി താലൂക്ക് പരിധിയില്‍ ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നാല് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തിയതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു. 14 പഞ്ചായത്തുകളും പട്ടാമ്പി മുനിസിപ്പാലിറ്റിയും ഇതിനായി കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ആരെയും മാറ്റിത്താമസിപ്പിക്കേണ്ടതായിവന്നിട്ടില്ല. കോവിഡിെൻറ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ളവര്‍, കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍, ഇതിലൊന്നും ഉള്‍പ്പെടാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോടെ പ്രത്യേകമായി ക്യാമ്പ് നടത്താനാണ് തീരുമാനം.
85 വീടുകൾ തകർന്നു
പട്ടാമ്പി: താലൂക്കില്‍ കനത്തമഴയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം കൃഷിനാശവും ഒരു കന്നുകാലി നാശവും ഉണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.