കൊല്ലങ്കോട്: 95 ദിവസംകൊണ്ട് 99 കാട്ടുപന്നികളെ കൊന്ന് കൊല്ലങ്കോട് റേഞ്ച് വനം വകുപ്പ്. ഇതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്ന റേഞ്ച് ആയി കൊല്ലങ്കോട് മാറി. പത്ത് മണിക്കൂറിനിടെ 13 പന്നികളെയാണ് വെടിവെച്ച് കൊന്നത്. കൊല്ലങ്കോട് വനം റേഞ്ച് പരിധിയിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി 13 കാട്ടുപന്നികളെ വെടിവെച്ച് കൊന്നതെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മണിയൻ പറഞ്ഞു.
പെരുമാട്ടി പഞ്ചായത്തിലെ കല്ലൻതോട്, മുതലമട പഞ്ചായത്തിലെ പാപ്പാൻ ചള്ള, കൊല്ലങ്കോട് പഞ്ചായത്തിലെ മണ്ണാൻപള്ളം, മാടത്തുനാറ എന്നിവിടങ്ങളിലാണ് പന്നികളെ വെടിവെച്ച് കൊന്നത്. വയലുകളിൽ കൃഷിനാശം വരുത്തിയ പന്നികൾക്കെതിരെ കർഷകരുടെ പരാതി വ്യാപകമായതോടെയാണ് നടപടിയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
പാനൽ അംഗമായ പിയോ വെർജിൻ കെമി, പാനൽ അംഗവും പാലക്കാട് റൈഫിൾ ക്ലബ് അംഗങ്ങളുമായ എം.ജെ. പൃഥ്വിരാജൻ, പിയോ വെർജിൻ കെമി, പി.എസ്. ദിലീപ് കുമാർ, ജി. ശരത് ലാൽ, എം. മഹേഷ്, പി. നവീൻ, പി. വിജയൻ, വിമൽ കുമാർ, എ. മോഹനൻ എന്നിവരാണ് പന്നികളെ വെടിവെച്ച് കൊന്നത്. കൊല്ലങ്കോട് സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. സൂര്യപ്രകാശൻ, എ. ആൻറണി, ഫോറസ്റ്റ് വാച്ചർ സുനിൽ കുമാർ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
അണ്ണാറക്കണ്ണനല്ല; ഇവൻ പാറാൻ നെല്ലിപ്പുഴയിലാണ് പറക്കും അണ്ണാനെ പിടികൂടിയത്
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയില്‍ പറക്കും അണ്ണാനെ (പാറാൻ) പിടികൂടി. അട്ടപ്പാടി റോഡില്‍ സ്വകാര്യ ആശുപത്രിക്ക് സമീപത്തായാണ് ശനിയാഴ്ച വൈകീട്ടോടെ അണ്ണാനെ കണ്ടെത്തിയത്. പാതയോരത്ത് നായ്ക്കൾ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് ആര്.ആര്.ടി അംഗങ്ങളായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ നിതിന്‍, ഫോറസ്റ്റ് വാച്ചര്‍ ലക്ഷ്മണന്, സി.പി.ഒ ശ്രീകേഷ്, ഫോറസ്റ്റ് സ്റ്റാഫ് സുബ്രഹ്മണ്യന് എന്നിവരെത്തി പിടികൂടി.
അണ്ണാന് വര്‍ഗത്തില്‍പ്പെട്ട പറക്കുന്ന സസ്തനികളാണ് പാറാനുകള്‍ അഥവാ പറക്കും അണ്ണാന്. ഇവക്ക് വവ്വാലുകളെയോ പക്ഷികളെയോ പോലെ ദൂരത്തിൽ പറക്കാനാകില്ല. ഒരു മരത്തില്‍നിന്ന് സമീപത്തെ മറ്റൊരു മരത്തിലേക്കാണ് ഇവ പറക്കുക. 90 മീറ്റര്‍ വരെ ഇത്തരത്തിൽ പറക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. വാലും ഇതിനോട് ചേര്‍ന്നുള്ള ത്വക്ക് ഭാഗവുമാണ് ഇവക്ക് സന്തുലിതാവസ്ഥ നല്‍കുന്നത്. മരപ്പൊത്തുകളിലും കട്ടികൂടിയ ഇലകള്‍ക്കിടയിലും വസിക്കുന്ന ഇവ പൊതുവേ പകല്‍ പുറത്തിറങ്ങാറില്ല. അണ്ണാന് പരിക്കുകളൊന്നും ഇല്ലെന്നും കാട്ടില്‍ വിടുമെന്നും വനപാലകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.