കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടങ്ങളിലെ സാഹസികതക്ക് അറുതിവരുത്താൻ സുരക്ഷാ പൈപ്പുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ. സഞ്ചാരികളുടെ സാഹസികത ദുരന്തത്തിലെത്തുമോ എന്ന ആശങ്ക ശക്തമാണ്. മഴ ശക്തമായതോടെ തെന്മല വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചതിനാൽ സഞ്ചാരികളുടെ വരവും വർധിച്ചു.
എന്നാൽ, ഇവരെ നിയന്ത്രിക്കാൻ വേണ്ട പൊലീസുകാരൻ ഇവിടെയില്ല. തെന്മലയിലെ വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും കൂടുതൽ അപകടകരമായ വെള്ളരിമേട് സീതാർകുണ്ടിൽ രണ്ടു കിലോമീറ്റർ അധികം ഉയരത്തിലെത്തി വെള്ളത്തിൽ കുളിക്കുന്ന അപകടകരമായ പ്രവണത യുവാക്കൾക്കിടയിൽ ഇപ്പോൾ വർധിച്ചിട്ടുണ്ട്.
അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തത് നാട്ടുകാർക്ക് തലവേദനയായി.
വിനോദസഞ്ചാരികൾ കൊല്ലങ്കോട്ട് എത്തുമ്പോൾ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്ന സ്ഥലത്ത് ഇരുമ്പ് പൈപ്പുകൾ കോൺക്രീറ്റ് ചെയ്ത്, നടക്കുന്ന വഴികളിലും വെള്ളച്ചാട്ടത്തിന് സമീപങ്ങളിലും സ്ഥാപിച്ചില്ലെങ്കിൽ ദുരന്തത്തിന് വഴിവെക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതിനാൽ ജില്ല കലക്ടറുടെ നേതൃത്വത്തിൽ വനം, പഞ്ചായത്ത്, പൊലീസ്, എക്സൈസ് റവന്യൂ എന്നിവരുടെ സംയുക്ത യോഗം കൊല്ലങ്കോട്ട് ചേരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.