കൊല്ലങ്കോട്: കൃഷിയിടവും വീടും ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞതോടെ ജാഗ്രത വേണമെന്ന് കൃഷി വകുപ്പ്. മഴ ശക്തമായതോടെ ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലും പച്ചക്കറി തോട്ടങ്ങൾ, പഴവർഗത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായത് കർഷകർക്കും നാട്ടുകാർക്കും ദുരിതമായി. കൊല്ലങ്കോട് പഞ്ചായത്തിലാണ് ഇവ കൂടുത ലായി കണ്ടുവരുന്നത്. മുതലമട, എലവഞ്ചേരി, പല്ലശ്ശന, പുതുനഗരം, കൊടുവായൂർ, പെരുവെമ്പ് തുടങ്ങിയ പഞ്ചായത്തിലെ ചില പ്രദേശ ങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ഉണ്ടായിട്ടുണ്ട്.
പാവൽ, പടവലം, വെണ്ട, വാഴ, വഴുതന തുടങ്ങിയ കൃഷിയിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായത്. കൃഷിയില്ലാത്ത പാടങ്ങളുടെ വരമ്പുകളിലും ആഫ്രിക്കൻ ഒച്ചുകളാൽ നിറഞ്ഞിരിക്കുകയാണ്. തരിശിട്ട പാടങ്ങൾ, മാലിന്യം കൂട്ടിയിട്ട പ്രദേശങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ നിന്നും വീടുകളിലേക്ക് ഒച്ചുകൾ ചേക്കേറുന്നത് വിദ്യാർഥികളിൽ ത്വക്ക് രോഗങ്ങൾക്കും അലർജിക്കും വഴിവക്കുന്നതായി കർഷകർ പറയുന്നു.
പച്ചക്കറി കൃഷിയിൽ ഒച്ചുകൾ ചെടികളുടെ തണ്ടുകൾ നശിപ്പിക്കുന്നതിനാൽ ചെടിയുടെ ഇലകൾ ദ്രവിക്കുകയും നശിക്കുകയും ഉൽപാദനം കുറയുന്ന അവസ്ഥയും ഉണ്ടെന്ന് കൊല്ലങ്കോട്ടെ പച്ചക്കറി കർഷകർ പറയുന്നു. വേനൽ സമയങ്ങളിൽ മണ്ണിലും മാലിന്യങ്ങളിലും പതുങ്ങി ഇരിക്കുകയും മഴക്കാലമാകുമ്പോൾ അനുകൂലമായ കാലാവസ്ഥയിൽ പുറത്തുവന്ന് അതിവേഗത്തിൽ പ്രജനനം നടത്തുന്ന ജീവികളാണ് ഇത്തരം ഒച്ചുകൾ എന്ന് കൃഷി വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് കാർഷിക വിള ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ ഒച്ചുകളെ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങളും പുറത്തിറക്കി.
ജൈവാവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക, ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിത്തെളിക്കുക, മഴക്കാലത്തിനുശേഷം മണ്ണിള ക്കുന്നതുവഴി ഒച്ചുകൾ മണ്ണിനടിയിലിടുന്ന മുട്ടകൾ നശിപ്പിക്കാൻ കഴിയും, നനവും ജൈവാംശവും കൂടുതലുള്ള സ്ഥലങ്ങളിൽ പ്രകാശം കിട്ടത്തക്ക രീതിയിൽ മരച്ചില്ലകൾ കോതി ക്രമീകരിക്കുക, അമിതമായ നനയും പുതയിടലും ഒഴിവാക്കുക.
സൂര്യാസ്തമയത്തിനുശേഷം രണ്ട് മണിക്കൂർ കഴിഞ്ഞുള്ള സമയങ്ങളിൽ ഇവ പുറത്തേക്ക് വരുമ്പോൾ നനഞ്ഞ ചണച്ചാക്കുകളിട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കൂട്ടത്തോടെ ശേഖരിച്ച് 25 ശതമാനം വീര്യമുള്ള ഉപ്പുവെള്ളമുപയോഗിച്ച് നശിപ്പിക്കാം, ക്യാബേജ് ഇലകൾ, പപ്പായ ഇലകൾ, പപ്പായ തണ്ട്, മുരിങ്ങയില എന്നിവ നനഞ്ഞ ചണച്ചാക്കിൽ ഒരു ദിവസം വെച്ച് പുളിപ്പിച്ച ശേഷം അതിലേക്ക് ആകർഷിക്കപ്പെട്ട ഒച്ചുകളെ ശേഖരിച്ച് ഒരു കുഴിയിലിട്ട് തുരിശു ലായനി തളിച്ചു നശിപ്പിക്കാം, അരക്കിലോ ഗോതമ്പു പൊടി, കാൽക്കിലോ ശർക്കര പ്പൊടി, 25 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ വെള്ളം ചേർത്ത് മിശ്രിതമാക്കി കുഴമ്പുപരുവത്തിൽ ഈർപ്പമുള്ള ചണച്ചാക്കിൽ തേച്ച് പിടിപ്പിച്ച് വിരിച്ചിടുക. ഇത് ഭക്ഷിക്കാൻ വരുന്ന ഒച്ചു കൾ തുരിശിന്റെ സാന്നിധ്യമുള്ളത്തിനാൽ ഇവ ചാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.