കൊല്ലങ്കോട്: മീങ്കര ഡാമിനടുത്തുള്ള ചെമ്മണന്തോട് കോളനിവാസികളുടെ ദുരിതത്തിന് 26 വർഷമായും അറുതിയില്ല. 38ലധികം കുടുംബങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ഓലക്കുടിലിൽ കഴിയുകയാണ്. ഇതിനാൽ സമരത്തിന് തയാറെടുക്കുകയാണ് കോളനിവാസികൾ. രണ്ടര ഏക്കറോളം മിച്ചഭൂമി സ്ഥലത്താണ് രണ്ടര പതിറ്റാണ്ടിലധികമായി നാൽപതിലധികം കുടുംബങ്ങൾ താമസിക്കുന്നത്. 16 കുടുംബങ്ങൾക്ക് കേരള ഹൗസിങ് ബോർഡ് ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തറ നിർമാണം നടത്തിയിരുന്നു. ഇതിനായി 3600 രൂപ ഓരോ ഗുണഭോക്താക്കളിൽനിന്ന് ഹൗസിങ് ബോർഡ് 2006ൽ വാങ്ങിച്ചിരുന്നു.
രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു അന്ന് ഹൗസിങ് ബോർഡ്, മുതലമട പഞ്ചായത്ത് എന്നിവർ നൽകിയ ഉറപ്പ്. ഭവന നിർമാണം നിലച്ചതോടെ ഹൗസിങ് ബോർഡ് നിർമിച്ചു നൽകിയ ഭിത്തികൾ തകർന്നു. തകർന്ന തറക്ക് മുകളിൽ കുടിൽ കെട്ടിയാണ് ഇവർ വസിക്കുന്നത്.
ഇവർക്ക് പുറമെ 20ലധികം കുടുംബങ്ങൾ തറ ഇല്ലാതെയും കുടിലിൽ താമസിക്കുന്നുണ്ട്. കക്കൂസ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വസിക്കുന്ന കോളനിയിലെ കുടുംബങ്ങൾക്ക് റേഷൻ കാർഡ്, കുടിലുകൾക്ക് നമ്പർ, ഭവന പദ്ധതി, വിദ്യാഭ്യാസ ആനുകൂല്യം എന്നിവ നിഷേധിക്കുന്നതിനെതിരെ 2014ൽ കോളനിവാസി പരേതനായ തിരുമല സ്വാമി കൗണ്ടർ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് മനുഷ്യാവകാശ കമീഷൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തുകൾ കൈമാറി കോളനിയിൽ റോഡ്, വെള്ളം എന്നിവ എത്തി. എന്നാൽ, മറ്റുള്ള വികസനങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് കോളനിവാസിയായ രാമസ്വാമി പറഞ്ഞു. വെളിച്ചമെത്താത്ത കോളനിയിൽ 2001ൽ കോളനിവാസികൾ നടത്തിയ സമരത്തെ തുടർന്നാണ് വീടുകളിൽ വൈദ്യുതിയായത്. റേഷൻകാർഡ് ഇല്ലാത്തവരും കുടിലുകൾക്ക് നമ്പർ ഇല്ലാത്തവരും റേഷൻ കാർഡ് ലഭിക്കാത്തവരുമായി നിരവധി കുടുംബങ്ങളാണ് കോളനിയിലുള്ളത്. പട്ടികജാതി, വർഗ വകുപ്പുകൾ, സാമൂഹികക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയെല്ലാം സർവേകളുടെ ഭാഗമായി കോളനിയിലെത്തുന്നതല്ലാതെ ഒരു ആനുകൂല്യവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു.
രണ്ടര പതിറ്റാണ്ടിലധികമായി വസിക്കുന്ന കുടുംബങ്ങൾക്ക് ഭൂമി തരംതിരിച്ച് പതിച്ചു നൽകുകയും ഭവന നിർമാണ പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി ഭവനങ്ങൾ ഫണ്ട് നൽകണമെന്നാണ് നിവാസികളുടെ ആവശ്യം.
എന്നാൽ, കോളനിയിലെ ചിലർക്ക് മറ്റു സ്ഥലങ്ങളിൽ ഭൂമി നൽകിയതായും റവന്യൂ വകുപ്പാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും മുതലമട പഞ്ചായത്ത് അധികൃതർ പറയുന്നു. ഹൗസിങ് ബോർഡിന്റെ പക്കൽ ആയിരുന്നു ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നതിനെ ഭാഗമായി 2018-19 വർഷങ്ങളെ രേഖകൾ തയാറാക്കി കലക്ടറേറ്റിലേക്ക് കൈമാറിയതായും ഭൂവിനിയോഗ വകുപ്പാണ് തുടർന്നുള്ള തീരുമാനം എടുക്കേണ്ടത് എന്നാണ് റവന്യൂ അധികൃതർ നൽകുന്ന മറുപടി. വകുപ്പ് അധികൃതർ സാങ്കേതികതകൾ പറഞ്ഞ് രേഖകൾ നൽകാൻ വീണ്ടും വൈകുന്നതിനാൽ കലക്ടറേറ്റിന് മുന്നിൽ സമരം നടത്താനുള്ള തയാറെടുപ്പിലാണ് ചെമ്മണന്തോട് കോളനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.