കൊല്ലങ്കോട്: ദക്ഷിണേന്ത്യയിലെ ശുചിത്വഗ്രാമമായി കൊല്ലങ്കോടിനെ മാറ്റണമെന്ന് കലക്ടർ ഡോ.എസ്. ചിത്ര പറഞ്ഞു. കൊല്ലങ്കോട്ടെ വിനോദ സഞ്ചാര വികസന സാധ്യതകളെയും ഒരുക്കങ്ങളെയും കുറിച്ച് നടത്തിയ അവലോകന യോഗത്തിലാണ് കലക്ടർ ഇത് പറഞ്ഞത്. ഏഷ്യയിലെ ശുചിത്വ വില്ലേജായി മേഘാലയയിലെ മൗലിനോംഗ് മാറിയതു പോലെ ഗ്രാമീണ തനിമ കാത്ത് ശുചിത്വമുള്ള വിനോദ സഞ്ചാര കേന്ദ്രമായി കൊല്ലങ്കോടിനെ മാറ്റണം, പുതിയ കെട്ടിടങ്ങൾ ഉയരാതെ നിലവിലുള്ളത് നിലനിർത്തി മുന്നോട്ടു പോകണം, ചുക്രിയാൽ, പലകപ്പാണ്ടി, സീതാർകുണ്ട്, വെള്ളരിമേട് തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ പ്രവേശിക്കുന്നവർക്ക് ടിക്കറ്റ് ഏർപ്പെടുത്തണം, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ട് മാപ്പ് തയാറാക്കണം, ചെറിയ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വിൽപന ഒഴിവാക്കി അഞ്ച് ലിറ്റർ കാനുകളിൽ കുടിവെള്ളം വിൽപന നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കണം, മാലിന്യ തൊട്ടികൾ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച് ഹരിത കർമസേനയെ ഉപയോഗിച്ച് മാലിന്യ മുക്ത വഴികളാക്കണം, കുടുംബശ്രീ ഭക്ഷണ കേന്ദ്രങ്ങളിൽ നാടൻ ഭക്ഷണങ്ങൾ ലഭ്യമാക്കണം, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപണികൾ നടത്തണം തുടങ്ങിയ നിർദേശങ്ങൾ കലക്ടർ മുന്നോട്ടുവെച്ചു.
വഴികാട്ടി ബോർഡുകൾ സ്ഥാപിച്ച് വാഹന നിയന്ത്രണത്തിന് വളണ്ടിയർമാരെ ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി തുടർയോഗങ്ങളിലൂടെ വിനോദ സഞ്ചാര സ്പോട്ടുകൾ അടയാളപ്പെടുത്തി ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് നിയന്ത്രിക്കുവാൻ ആവശ്യമായവ ചെയ്യുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, നെന്മാറ ഡി.എഫ്.ഒ മനോജ്, അസി. കലക്ടർ ഒ.വി. ആൽഫ്രിഡ്, സി.ഐ വിപിൻദാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.