കൊല്ലേങ്കാട്: ചെമ്മണാമ്പതിയിൽ സംഘർഷത്തിനിടെ രണ്ട് പൊലീസുകാർക്ക് മർദനമേറ്റു. ബി.ജെ.പി സ്ഥാനാർഥി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാൽപതോളം പേർക്കെതിരെ കേസെടുത്തു. ചെമ്മണാമ്പതി ജങ്ഷനിലും അളകാപുരിയിലുമായി ശനിയാഴ്ചയുണ്ടായ സംഘർഷത്തിലാണ് പാലക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർമാരായ ടി. അബ്ദുൽ മനാഫ് (28), സനൂപ് (27) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ചെമ്മണാമ്പതി സ്വദേശികളായ കിങ്ങാട്ടിൽ വീട്ടിൽ സുജീഷ് (29), മണിയബേഷ് സൗത്ത് കോളനിയിൽ വീരമണി (37), ബി.ജെ.പി സ്ഥാനാർഥി അളകാപുരി കോളനി രാജു കൗണ്ടർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഒമ്പതരക്ക് ചെമ്മണാമ്പതി ജങ്ഷന് സമീപം ബി.ജെ.പി സ്ഥാനാർഥി രാജു കൗണ്ടറും അനന്തരവനും സി.പി.എം പ്രവർത്തകനുമായ ഗോപിനാഥനും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചു. തുടർച്ചയെന്നോണം അന്ന് രാത്രി ചെമ്മണാമ്പതിയിലെ സി.പി.എം സ്ഥാനാർഥി അക്തറും ബി.ജെ.പി സ്ഥാനാർഥി രാജു കൗണ്ടറും വാക്കേറ്റമുണ്ടായി.
തർക്കംമൂത്ത് അക്തറിനെ രാജു കൗണ്ടർ മർദിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗമാളുകൾ രാത്രി സംഘടിച്ച് രാമരാജ് എന്നയാളുടെ വീട് ആക്രമിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.
സംഘടിച്ചെത്തിയവരെ പൊലീസ് വിരട്ടിയോടിച്ചു. പിരിഞ്ഞുപോയ ജനക്കൂട്ടം വീണ്ടും സംഘടിച്ച് അർധരാത്രിയോടെ രാജു കൗണ്ടറുടെ വീടാക്രമിക്കുകയും സഹോദരൻ തങ്കവേലുവിനെ മർദിക്കുകയും ചെയ്തു.
സംഘർഷം ഒഴിവാക്കാൻ സ്ഥലത്തെത്തിയ പൊലീസുകാർക്കുനേരെ രാജു കൗണ്ടറും മറ്റു രണ്ടുപേരും ചേർന്ന് കൊടുവാൾ വീശി. എ.ആർ ക്യാമ്പിലെ പൊലീസുകാരായ ടി. അബ്ദുൽ മനാഫിന് (28) ഗുരുതര പരിക്കേറ്റു. സ്ഥലത്തെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപിനും (27) പരിക്കേറ്റു. ഇരുവരെയും നെന്മാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസുകാരെ ആക്രമിച്ചതിന് ജാമ്യമില്ല വകുപ്പുകൾ പ്രകാരം രാജു കൗണ്ടർ, കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെ കേസെടുത്തു. വീടുകയറി ആക്രമിച്ചതിത് വീരമണി, സുജീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
ചെമ്മണാമ്പതി സ്വദേശികളായ മുരുകാനന്ദൻ, ഗോപി, അക്തർ തുടങ്ങിയ മുപ്പതോളം പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആലത്തൂർ ഡിവൈ.എസ്.പി കെ.ബി. ദേവസ്യ പറഞ്ഞു.
തങ്കവേലുവിനെ ആക്രമിച്ച കേസ് സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസും പൊലീസുകാരെ ആക്രമിച്ച കേസ് എസ്.െഎ കെ. ഷാഹുലും അന്വേഷിക്കും. ചെമ്മണാമ്പതിയിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയതായി സി.െഎ വിപിൻദാസ് പറഞ്ഞു.
സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചെമ്മണാമ്പതി ജങ്ഷനിൽ സ്ത്രീകൾ ഉൾപ്പെടെ 300ലധികം പേർ ഞായറാഴ്ച രാവിലെ സംഘടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.