കൊല്ലങ്കോട്: 30ലധികം കാട്ടാനകൾ തെന്മലയോരത്ത് ഗ്രാമങ്ങളെ ഭീതിയിലാക്കുമ്പോൾ തളർന്ന് വനം വകുപ്പ്. ദ്രുത കർമ സേനയും ലക്ഷങ്ങളുടെ തൂക്കു വൈദ്യുതി വേലിയും ഉണ്ടെങ്കിലും കർഷകരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഉറക്കം കെടുത്തുകയാണ് കാട്ടാനകൾ. ബുധൻ, വ്യാഴം ദിവസങ്ങളിൽ വേലാങ്കാട്ടിലും കള്ളിയൻപാറയിലും കാട്ടാനകൾ നാശമുണ്ടാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് നാല് കാട്ടാനകൾ പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തുന്നത്.
വ്യാഴാഴ്ച രാത്രി വേലാങ്കാട്ടിൽ ചിദംബരൻ കുട്ടിയുടെ ആറ് തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്ത് തെങ്ങുകളും 30ലധികം കമുകുകളും എട്ട് മാവുകളും വേലാങ്കാട്ടിൽ മാത്രം കാട്ടാനകൾ നശിപ്പിച്ചു. ചപ്പക്കാട്, ചെമ്മണാമ്പതി പ്രദേശത്ത് മാവുകളും ജലസേചന പൈപ്പുകളും കമുക് ഉൾപ്പെടെ മറ്റുവിളകളും നശിപ്പിച്ചിട്ടുണ്ട്.
തെന്മലയോര പ്രദേശങ്ങളായ ചെമ്മണാമ്പതി മുതൽ എലവഞ്ചേരി പോക്കാമട വരെ രാത്രിയിലാണ് കാട്ടാനകൾ കൃഷിസ്ഥലങ്ങളിൽ എത്തുന്നത്. വനം വകുപ്പിന്റെ തൂക്കു വൈദ്യുത വേലികളുടെ നിർമാണം ഒരു ഭാഗത്ത് തുടരുമ്പോൾ മറ്റൊരു വശത്ത് കാട്ടാനകൾ വൈദ്യുതി വേലി നശിപ്പിക്കുന്നത് തുടരുകയാണ്. ഇത് വനം വകുപ്പിന് ഇരട്ട പ്രഹരമായി.
തകർന്ന വൈദ്യുതി വേലി പുനഃസ്ഥാപിക്കുന്ന ജോലിയും എത്തിയ കാട്ടാനകളെ ഓടിക്കുന്ന ജോലിയും വനം വകുപ്പിന് ഏറ്റെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഇല്ലാത്ത കാട്ടാനകളാണ് നിലവിൽ തെന്മലയോരത്ത് തമ്പടിച്ചിട്ടുള്ളത്. മഴ മാറിയാൽ കാട്ടാനകളെ വനാന്തരത്തിൽ എത്തിക്കുമെന്ന് വനംവകുപ്പ് അധികൃത കർഷകർക്ക് കഴിഞ്ഞ മാസം ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല.
ആലത്തൂർ, നെല്ലിയാമ്പതി, കൊല്ലങ്കോട് റേഞ്ചുകളിലെ വനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തെന്മലയിലെ കാട്ടാനകളെ ചെമ്മണാമ്പതി പറമ്പിക്കുളം തേക്കടി റോഡിലൂടെ പറമ്പിക്കുളത്തേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.