കൊല്ലങ്കോട്: അമിത കീടനാശിനി പ്രയോഗം പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് വിദഗ്ധർ. മാവ് കൃഷിരീതിയെ കുറിച്ച് കൃഷി വകുപ്പ് നടത്തിയ കർഷകർക്കുള്ള പരിശീലന യോഗത്തിലാണ് അമിത കീടനാശിനി പ്രയോഗം മണ്ണിനും മാവിനും ദോഷകരമാക്കുമെന്ന നിർദേശം ഉണ്ടായത്.
മഴക്കാലത്തും മൂടിക്കെട്ടിയ കാലാവസ്ഥയിലും മാവ് പൂക്കുമ്പോൾ കീടബാധ വർധിക്കാറുണ്ട്. അത്തരം സമയങ്ങളിൽ കൃഷിഭവനുമായി ബന്ധപ്പെട്ട് അധികൃതരുടെ നിർദേശം അനുസരിച്ച് മാത്രം കീടനാശിനി പ്രയോഗം നടത്തിയാൽ മതിയെന്ന് കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസി. പ്രഫ. ഡോ. സുമിയ
പറഞ്ഞു. കീടങ്ങളെ കണ്ടെത്തിയ ശേഷം മാത്രമേ കീടനാശിനികൾ ഉപയോഗിക്കാവൂ. ഓരോ മാവിൻ തോട്ടങ്ങളിലും കീട ആക്രമണം വ്യത്യസ്തമായിരിക്കുമെന്നതിനാൽ വിദഗ്ധരുടെ ഉപദേശങ്ങൾ തേടുന്നതാണ് കീടനിയന്ത്രണത്തിന് ഉത്തമം. അമിതമായി കീടനാശിനി ഉപയോഗിക്കുന്നത് മിത്രകീടങ്ങളെ ഇല്ലാതാക്കുകയും പരിസ്ഥിതിയെ ബാധിക്കുമെന്നും ഡോ. മാലിനി പറഞ്ഞു. അമിതമായുള്ള കീടനാശിനി പ്രയോഗം കീടങ്ങൾക്ക് പ്രതിരോധ ശേഷി കൂടുതൽ വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ഡോ. മാലിനി പറഞ്ഞു.
സംയോജിത കീട നിയന്ത്രണങ്ങളാണ് ആവശ്യമെന്നും മിത്ര കീടങ്ങളും മിത്ര കുമിളകളും കൂടുതലായി ഉപയോഗിക്കണമെന്ന് വിദഗ്ധർ പറഞ്ഞു. മിത്ര കുമിളകളയ മെറ്റാറീസിയ, ലെക്കാനീ സിയം എന്നീ ജൈവ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാവുന്നതാണെന്ന് കൃഷി വിദഗ്ധർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കൽപന ദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.