കൊല്ലങ്കോട്: ഊട്ടറ പാലത്തിന്റെ ബാരിയർ നാല് മാസത്തിനിടെ എട്ടാം തവണയും ലോറിയിടിച്ച് തകർന്നു. കഴിഞ്ഞദിവസം രാവിലെയാണ് ഒടുവിലത്തെ സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിടിച്ചാണ് മൂന്ന് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ബാരിയർ തകർന്നത്. ഇടിയുടെ ആഘാതത്തിൽ ബാരിയറിന്റെ ഒരു ഭാഗം വേർപെട്ടു. ഒരു മണിക്കൂറോളം പാലത്തിൽ ഗതാഗതം സ്തംഭിച്ചു. ചുമട്ടുതൊഴിലാളികളും നാട്ടുകാരുമെത്തി ബാരിയൾ കയറുപയോഗിച്ച് പാലത്തിലേക്ക് വലിച്ചുകെട്ടിയ ശേഷമാണ് വാഹ നങ്ങൾ പോയത്. മൂന്ന് മീറ്ററിന് മുകളിൽ ഉയരമുള്ള പാലത്തിന് മുന്നിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച ബാരിയറിൽ മെയ് മാസത്തിൽ മാത്രം ആറ് ലോറികളാണ് ഇടിച്ചത്. എന്നാൽ, പൊലീസ് നിസാര പിഴ ചുമത്തിവിടുകയായിരുന്നു.
മറ്റ് വാഹനങ്ങൾ ഇടിച്ച് പാലത്തിന്റെ രണ്ട് വശത്തുമുള്ള ബാരിയറുകൾ വളഞ്ഞിരുന്നു. ഇതിന്റെ അറ്റകുറ്റപണി കഴിഞ്ഞ് ഒരാഴ്ചക്കകമാണ് പൂർണമായി തകർന്നത്. കൊല്ലങ്കോട് - പാലക്കാട് പ്രധാന റോഡിൽ ഗായത്രി പുഴക്ക് കുറുകെയുള്ള ഊട്ടറ പാലം 50 ലക്ഷം രൂപ ഉപയോഗിച്ച് പുതുക്കിപ്പണിത് മാർച്ച് 27 നാണ് തുറന്നുകൊടുത്തത്.
അമിതഭാരം കയറ്റിയ ലോറികൾ കടന്നാൽ പാലത്തിന് വീണ്ടും തകരാറുണ്ടാകുമെന്നതിനാലാണ് ഇരുവശത്തും മൂന്ന് മീറ്ററിന് മുകളിലുള്ള ചരക്ക് വാഹനങ്ങൾ കടക്കാതിരിക്കാൻ ബാരിയർ സ്ഥാപിച്ചത്. മൂന്ന് മീറ്റർ ഉയരത്തിൽ ബാരിയർ സ്ഥാപിച്ചതിനാൽ ബസുകൾ, വലിയ ചരക്കുവാഹനങ്ങൾ എന്നിവ ആലമ്പള്ളം ചപ്പാത്ത് റോഡിലൂടെയാണ് തിരിച്ചുവിടുന്നത്. നിർദേശം ലംഘിച്ച് വരുന ചരക്കുവാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.