കൊല്ലങ്കോട്: കൊയ്ത്ത് ആരംഭിച്ചതോടെ ഒന്നാം നെല്ല് സംഭരണത്തിന്റെ വില ലഭിക്കാത്തതിനാൽ പൊതു വിപണിയിൽ നെല്ല് നൽകാൻ തയാറെടുക്കുകയാണ് കർഷകർ. പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂർ പ്രദേശങ്ങളിലെ കർഷകരാണ് പൊതു വിപണിയിൽ നെല്ല് നൽകാൻ തയാറായത്.
സപ്ലൈകോ കർഷകർക്ക് നൽകാനുള്ള നെല്ല് സംഭരണ തുക ലഭ്യമാകാത്തതാണ് വില കുറഞ്ഞാലും പൊതു വിപണിയിൽ നെല്ല് നൽകാൻ കർഷകർ തയാറാകുന്നത്. 20 മുതൽ 28 രൂപ വരെ വില നൽകിയാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. എന്നാൽ, പൊതു വിപണിയിൽ 23 മുതൽ 24.50 രൂപ വരെയാണ് ലഭിക്കുന്നത്. വില കുറഞ്ഞാലും ഉടൻ പൈസ ലഭിക്കുമെന്നതിനാൽ കടബാധ്യത തീർക്കാൻ കർഷകർ പൊതു വിപണിയിൽ നൽകാൻ തയാറായി.
രണ്ടാം വിള കൊയ്ത ഉടൻ നെല്ല് മെതിച്ചു സാധ്യമാകുന്ന രീതിയിൽ ഉണക്കി പൊതു വിപണിയിൽ കൊടുക്കാനുള്ള തയാറെടുപ്പുകൾ കൊല്ലങ്കോട്ട് നടന്നുവരുകയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കർഷകർക്ക് ഇത്തവണയാണ് വലിയ തോതിലുള്ള തിരിച്ചടി ഉണ്ടായതെന്ന് കർഷക സംരക്ഷണ സമിതി കൺവീനർ കെ. ശിവാനന്ദൻ പറഞ്ഞു. കർഷകർക്ക് നെല്ലിന്റെ സംഭരണ വില യഥാസമയത്ത് ലഭ്യമാക്കാത്തതിനാൽ കൂടുതൽ പ്രയാസപ്പെട്ടത് ചിറ്റൂർ താലൂക്കിലെ കർഷകരാണ്.
നിലവിലെ കൊയ്ത്ത് ആരംഭിച്ചതിനാൽ മഴ ഇടക്കിടെ വരുന്നതിനാൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത കർഷകർ സ്വകാര്യ സ്ഥലങ്ങളിൽ നെല്ലുകൾ സൂക്ഷിച്ച് ഉണക്കുകയാണ്. സർക്കാർ കർഷകർക്ക് ഉടൻ സംഭരണ തുക നൽകുകയും രണ്ടാമത്തെ സംഭരണ നടപടിക്രമങ്ങൾ വേഗം ആരംഭിക്കുകയും ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.