കൊല്ലങ്കോട്: വന്യമൃഗങ്ങളെ പിടികൂടുവാൻ അനധികൃത കെണികൾ സ്ഥാപിക്കുന്നത് വ്യാപകം. പരിശോധനില്ലാത്തതിനാൽ വന്യജീവികൾ കെണിയിൽപെട്ട് ജീവൻ നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പ്രദേശത്ത് പന്നികളെ പിടികൂടുന്നതിനായി കർഷകർ സ്ഥാപിക്കുന്ന കെണികൾക്കെതിരെ വനംവകുപ്പ് കണ്ണടക്കുകയാണ്. ഈ അവസരം മുതലെടുത്ത് മാനുകളെയും മ്ലാവുകളെയും കെണിയിൽ അകപ്പെടുത്തി ഇറച്ചിയാക്കി വിൽപന നടത്തുന്ന നായാട്ട് സംഘവും അതിർത്തി പ്രദേശത്തെ വ്യാപകമാണ്. ബൈക്കുകളിൽ ബ്രേക്കിനും ക്ലച്ചിനും ഉപയോഗിക്കുന്ന കൂടുതൽ ബലമുള്ള ഇരുമ്പ് വയറുകളാണ് കെണി സ്ഥാപിക്കാനായി ഉപയോഗിക്കുന്നത്. മൃഗങ്ങൾ ഇത്തരം കെണികളിൽ കുടുങ്ങി രക്ഷപ്പെടുന്നതിനായി ശരീരം കൂടുതൽ ഇളക്കുമ്പോൾ കെണി മുറുകി ആന്തരിക അവയവങ്ങൾ തകരാറിലായി ചത്തുപോകുന്നു. ഇത്തരം കെണികളിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ നിരവധി മാനുകളും മ്ലാവുകളും കുടുങ്ങിയിട്ടുണ്ട്. മാവിൻതോട്ടങ്ങളിൽ എത്തുന്ന മാനുകളെ തടയുവാനും ഇത്തരം കെണികൾ സ്ഥാപിക്കുന്നുണ്ട്. പക്ഷേ, ഇതിനെതിരെ നടപടി എടുക്കേണ്ട വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇരുമ്പുവയറുകൾക്കുപുറമേ വൈദ്യുത പോസ്റ്റിൽനിന്ന് നേരിട്ട് വൈദ്യുതി ഉപയോഗിച്ച് വൈദ്യുത വേലിയിലൂടെ കടത്തിവിട്ട് മൃഗങ്ങളെ വേട്ടയാടുന്നവരുമുണ്ട്. വനം അതിർത്തികളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
കൊല്ലങ്കോട്: കൊട്ടകുറുശ്ശിയിൽ കുടുങ്ങിയ പുലി കഴിഞ്ഞ ആറുമാസത്തിലധികമായി നാട്ടുകാർ പരിചിതൻ. തെന്മലയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കൊട്ടകുറുശ്ശിവരെ എത്തി തിരിച്ചുപോകുന്നത് സ്ഥിരം കാഴ്ചയാണ്. തെന്മലയിൽനിന്ന് കൊശവൻ കോട്കുന്ന്, മാരുതിപുറമല തുടങ്ങിയ ചെറുവനങ്ങളിലേക്ക് പുലിയും കടുവയും കരടിയുമെല്ലാം വന്നു തിരിച്ചുപോകുന്നുണ്ട്. എന്നാൽ, ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും അംഗൻവാടി പ്രവർത്തിക്കുകയും കോട്ടകുറിശ്ശി, തോട്ടം, പറത്തോട് പുത്തൻപാടം തുടങ്ങിയ ജനവാസപ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഭീതിയുണ്ടാക്കാറുണ്ട്. ആറുമാസത്തിനിടയിൽ പുലിയെക്കുറിച്ച് വനം വകുപ്പിൽ നാട്ടുകാർ വിവരങ്ങൾ അറിയിക്കാറുണ്ടെങ്കിലും കൂടുവെച്ച് പിടികൂടുവാനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. മരുതിപ്പുറമലയിൽ രണ്ട് ആടിനെയും നാല് നായ്ക്കളെയും പുലി കൊന്നിരുന്നു.
കടുവയും പുലിയും ആനയും കരടിയും നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നതിനെതിരെ വൈദ്യുതവേലി ഉൾപ്പെടെയുള്ളവ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും പൂർണമായും വൈദ്യുതവേലി സ്ഥാപിക്കുവാൻ വനം വകുപ്പിന് സാധിച്ചിട്ടില്ലെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹി കെ. ശിവാനന്ദൻ പറഞ്ഞു. എന്നാൽ, തമിഴ്നാട് അതിർത്തി മുതൽ എലവഞ്ചേരി പോക്കാമടവരെയുള്ള പ്രദേശങ്ങളിൽ 42 കിലോമീറ്റർ ദൈർഘ്യത്തിൽ തൂക്കുവൈദ്യുത വേലി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിൽ ഒൻപത് കിലോമീറ്റർ വൈദ്യുതവേലി സ്ഥാപിക്കൽ പൂർത്തിയായതായും കൊല്ലങ്കോട് വനം റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.