കൊല്ലങ്കോട്: ശാപമോക്ഷം കാത്ത് വിണ്ടുകീറിയ പോസ്റ്റ് ഓഫിസ്. നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള കൊല്ലങ്കോട് മുഖ്യ പോസ്റ്റ് ഓഫിസിന്റെ കെട്ടിടമാണ് പകുതിയിലധികവും വിണ്ടുകീറി തകര്‍ച്ചയുടെ വക്കിലുള്ളത്.
ജില്ലയിലെ മുഖ്യ ഡാക് ഘര്‍ പദവിയിലുള്ള 16 ജിവനക്കാരുള്ള പോസ്റ്റ് ഓഫിസ് കെട്ടിടമാണ് അധുകൃതരുടെ അനാസ്ഥ മൂലം വീഴാറായ നിലയിലെത്തിയത്. പോസ്റ്റ് ഓഫിസിന് മുന്‍വശം കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നത് തുടരുകയാണ്. സന്ദര്‍ശകരുടെ ദേഹത്ത് കോൺക്രീറ്റ് ചീളുകൾ വീഴുന്നതും പതിവായതിനാല്‍ ഏറെ ജാഗ്രതയോടെയാണ് പോസ്റ്റ് ഓഫിസിനകത്ത് ഇടപാടുകാരും എത്താറുള്ളത്.
കെട്ടിടത്തിനു മുകളില്‍ വിള്ളലുകള്‍ വർധിച്ചതിനാല്‍ കെട്ടിടത്തിന്റെ ക്വാര്‍ട്ടേഴ്സുകളില്‍ ഉദ്യോഗസ്ഥര്‍ താമസിക്കാറില്ല. ഓഫിസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയിലുള്ള കെട്ടിടത്തിനു പകരം പുതിയത് നിര്‍മിക്കണമെന്ന ആവശ്യം പോസ്റ്റല്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഏറാട്ടില്‍ മുരുകന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് നല്കിയ പരാതിയെ തുടര്‍ന്ന് ഉടന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴയുന്നതായി മുരുകൻ ഏറാട്ടില്‍ പറഞ്ഞു. എട്ട് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊല്ലങ്കോട് പ്രധാന പോസ്റ്റ് ഓഫിസ് കെട്ടിടത്തെ അവഗണിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.