കൊല്ലങ്കോട്: മുതലമടയടക്കം മാവുകൃഷി വ്യാപകമായ ചിറ്റൂർ താലൂക്കിലെ പ്രദേശങ്ങളിൽ ഏകീകൃത കൃഷിരീതി അവലംബിക്കുന്നത് കീടശല്യമടക്കം വിഷയങ്ങളിൽ ഗുണം ചെയ്യുമെന്ന് മഹാരാഷ്ട്രയിൽനിന്നെത്തിയ കൃഷിശാസ്ത്രജ്ഞരുടെ സംഘം. വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശ്രമഫലമായാണ് രത്നഗിരി സർക്കാർ കാർഷിക കോളജിലെ വിരമിച്ച ശാസ്ത്രജ്ഞരായ ഡോ. ദേവദത്തഖദം, ഡോ. നാരായൺ ഭടാസ്കർ എന്നിവർ രണ്ടുദിവസത്തെ സന്ദർശനത്തിന് ചിറ്റൂർ താലൂക്കിൽ എത്തിയത്.
ചിറ്റൂർ മിനി സിവിൽസ്റ്റേഷനിൽ കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമുള്ള സെമിനാറിൽ പങ്കെടുത്തശേഷം മുതലമട വെള്ളാരൻ കടവ്, ചെമ്മണാമ്പതി എന്നിവിടങ്ങളിലെ മാവിൻ തോട്ടങ്ങൾ ഇരുവരും സന്ദർശിച്ചു. ഇലപ്പേനിന് തളിരിലകളാവുന്ന സമയത്താണ് ഫലപ്രദമായി കീടനാശിനി ഉപയോഗിക്കേണ്ടതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
പ്രാദേശികതലത്തിൽ വളപ്രയോഗവും പ്രൂണിങ്ങും കീടനാശിനി പ്രയോഗവുമടക്കം കാര്യങ്ങളിൽ ഏകോപനമുണ്ടായാൽ മാത്രമേ കീടനിയന്ത്രണവും പ്രായോഗികമാക്കി മികച്ച വിളവുണ്ടാക്കാനാവൂ എന്നും ഇരുവരും കൂട്ടിച്ചേർത്തു. മുതലമട കൃഷി ഓഫിസർ സി. അശ്വതി, പെരുവെമ്പ കൃഷി ഓഫിസർ ടി.ടി. അരുൺ, കൊല്ലങ്കോട് കൃഷി ഓഫിസർ ജിജി സുധാകർ, സവിത, എൻ.ജി. വ്യാസ്, കർഷകനായ വിൻസെൻറ്, മോഹനൻ എന്നിവർ ശാസ്ത്രജ്ഞർക്കൊപ്പം തോട്ടങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.