പറമ്പിക്കുളം: ദുരിതമൊഴിയാതെ ഒറവൻപാടി കോളനിയിലെ 32 കുടുംബങ്ങൾ. പറമ്പിക്കുളം തേക്കടിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് കോളനി. ഇവിടത്തെ റോഡുകൾ തകർന്നതോടെ ഗർഭിണികളെയും അപകടത്തിൽ പരിക്കേറ്റവരെയും കൊണ്ടുപോകാൻ ആംബുലൻസ് പോലും എത്താറില്ല. കഴിഞ്ഞ ദിവസം സാഹസികമായി കോളനിയിൽ എത്തിയ ആംബുലൻസ് തകരാറിലായി നിർത്തിയിടേണ്ടി വന്നിരുന്നു. കോളനിയിലെ ഭവനപദ്ധതികൾ പലതും തറയിൽ മാത്രം ഒതുങ്ങി. തേക്കടി പുഴ കടന്നുവേണം കോളനിക്കാർക്ക് റേഷൻ കടയിലെത്താൻ.
മഴ കനക്കുേമ്പാൾ പുഴയിൽ ഒഴുക്ക് ശക്തമാകുന്നതിനാൽ മുളകൊണ്ട് നിർമിച്ച പാലത്തിലൂടെയാണ് കോളനിവാസികൾ യാത്ര ചെയ്യുന്നത്. അടുത്തിടെ മുളപ്പാലത്തിൽനിന്ന് പുഴയിൽ വീണ് പ്രദേശവാസികളിൽ ചിലർക്ക് പരിക്കേറ്റിരുന്നു. ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും സോളാർ വൈദ്യുതി തകരാറിലായതിനാൽ മിക്ക ദിവസങ്ങിലും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് കോളനിവാസിയായ വിജയ് പറഞ്ഞു.
നാല് മാസത്തിലധികമായി കോളനിയിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കാത്തതിനാൽ ഗർഭിണികൾ ഉൾപ്പെടെ ദുരിതത്തിലാണ്. ഒറവൻപാടി കോളനിയുടെ ദുരവസ്ഥ സംബന്ധിച്ച് പഞ്ചായത്തിലും പട്ടികവർഗ വകുപ്പിലും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് കോളനിക്കാർ പറഞ്ഞു. റോഡ്, പാർപ്പിടം, ആരോഗ്യ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കാൻ സർക്കാർ നടപടി വേണമെന്നാണ് ഒറവൻപാടി കോളനിക്കാരുടെ ആവശ്യം. എന്നാൽ, ഭവനപദ്ധതികൾ പാക്കേജിലൂടെ അനുവദിച്ചതാണെന്നും സോളാർ വൈദ്യുതി വിഷയം പരിശോധിക്കുമെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.