കൊല്ലങ്കോട്: മുതലമടയിൽ ക്വാറിക്ക് അനുവാദം നൽകിയത് നിയമ വിരുദ്ധമെന്ന് പരാതി. ചെമ്മണാമ്പതിയിലെ സ്വകാര്യ വ്യക്തിക്കാണ് 2021 ഡിസംബർ 16 മുതൽ 2026 മർച്ച് 31 വരെ പ്രവർത്തനത്തിന് മുതലമട പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുള്ളത്. പറമ്പിക്കുളം കടുവ സങ്കേതത്തിൽനിന്ന് പത്ത് കിലോമീറ്ററുകൾക്കകത്ത് ഖനനം നടത്താൻ അനുവാദമില്ലെന്നിരിക്കെ അഞ്ച് കിലോമീറ്റർ പരിധിക്കകത്തുള്ള ക്വാറിയുടെ പ്രവർത്തനത്തിന് പഞ്ചായത്ത് അനുവാദം നൽകിയതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പരിസ്ഥിതി സംഘടനകൾ.
ദേശീയ വന്യജീവി ബോർഡിെൻറ എൻ.ഒ.സി ഇല്ലാതെ നാല് വർഷത്തേക്ക് ലൈസൻസ് നൽകുന്നത് നിയമ ലംഘനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ എൻ.ഒ.സിയും ലൈസൻസിന് പ്രധാനമായിരിക്കെ ഇവയെല്ലാം മറികടന്ന് പഞ്ചായത്തും മറ്റു വകുപ്പുകളും ക്വാറിയുടെ പ്രവർത്തനത്തിന് അനുവാദം നൽകിയത് നിയമ ലംഘനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, മൈനിങ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ ലൈസൻസും സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ ക്ലിയറൻസും പഞ്ചായത്തിൽ സമർപ്പിച്ച ശേഷമാണ് ലൈസൻസ് അനുവദിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ക്വാറിയുടെ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ എൻ.ഒ.സി വാങ്ങിയ ശേഷമേ പ്രവർത്തിക്കാവൂ എന്ന നിബന്ധനയിലാണ് ലൈസൻസ് അനുവദിച്ചതെന്ന് മുതലമട പഞ്ചായത്ത് സെക്രട്ടറി ഷാജഹാൻ പറഞ്ഞു.
കാട്ടാനശല്യം വ്യാപകമായ ചെമ്മണാമ്പതി അടിവാരത്ത് വൻ സ്ഫോടനങ്ങളോടുകൂടി ക്വാറികൾ പ്രവർത്തിക്കുന്നത് വന്യജീവികളുടെ ശല്യം വർധിക്കാൻ ഇടയാക്കും. പരിസ്ഥിതിലോല പ്രദേശത്ത് ക്വാറി പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയ പഞ്ചായത്ത്, ജിയോളജി, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകൾക്കെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും വനം മന്ത്രിക്കും പരാതി നൽകിയതായി പരിസ്ഥിതി സംഘടന ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.