കൊല്ലങ്കോട്: മുതലമടയിൽ വർധിക്കുന്ന ദുരൂഹ മരണങ്ങളിൽ നിയമപോരാട്ടത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ പഴനിച്ചാമി-വേലത്താൾ ദമ്പതികളുടെ മകൻ ശിവരാജൻ 2021 ജൂലൈ 24ന് മീങ്കര ഡാമിൽ മത്സ്യബന്ധനത്തിന് പോയ സമയത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്നും അതിന് പിറകിലുള്ളവരെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതായും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ചപ്പക്കാട് കോളനിയിൽ മൂന്ന് കൊല്ലം മുമ്പ് കാണാതായ മുരുകേശന്, സാമുവൽ എന്നീ യുവാക്കളെ കണ്ടെത്തുന്നതിൽ ക്രൈംബ്രാഞ്ചിന് വീഴ്ച സംഭവിച്ചു. നിരവധി കേസുകൾ തെളിയിച്ച സംസ്ഥാനത്തെ മികച്ച പൊലീസ് സംഘത്തിന് കേസ് കൈമാറണം.
2019ൽ മൊണ്ടിപതി കോളനിയിലെ ഭുവന എന്ന യുവതി ദുരൂഹ സാഹചര്യത്തിൽ കിണറിനകത്ത് മരിച്ച സംഭവത്തിൽ നിരപരാധിയെ പൊലീസ് പ്രതിയാക്കുകയും തോട്ടം ഉടമകളെ രക്ഷിക്കുകയുമായിരുന്നു. കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മീനാക്ഷിപുരം, മുതലമട, വടകരപതി, എരുത്തേമ്പതി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ വൻകിട ഭൂവുടമകളുടെ കീഴിൽ തലമുറകളായി അടിമ ജോലി ചെയ്യുന്ന ആദിവാസി ദലിതുകളുടെ ജീവിതം പ്രതിസന്ധിയിലാണ്. ഇവരുടെ പരാതി കേൾക്കാൻ സർക്കാർ തയാറാവണം. തലമുറകളായി വൻകിട മാഫിയകളുടെ കീഴിൽ ജോലിയെടുക്കുന്ന നിരവധി കുടുംബങ്ങൾ അതിർത്തി പഞ്ചായത്തുകളിൽ കഴിയുന്നുണ്ട്.
ഇവരുടെ വിവരങ്ങൾ തൊഴിൽ വകുപ്പ്, പൊലീസ് എന്നിവരുടെ പക്കൽ ഇല്ലാത്തത് ചൂഷണം പുറംലോകം അറിയാതിരിക്കാൻ വഴിയൊരുക്കുന്നു. ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ ചൂഷണങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.
ഇത്തരം തൊഴിൽ ചൂഷണങ്ങൾ പുറത്തുകൊണ്ടുവരാൻ ഐ.പി.എസ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സംഘം അന്വേഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വിളയോടി ശിവൻകുട്ടി, എസ്. സക്കീർ ഹുസൈൻ, കെ. വാസുദേവൻ പാലക്കാട്, രാധാകൃഷ്ണൻ വിത്തനശ്ശേരി, വി. രാജൻ പുലിക്കോട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.