കൊല്ലങ്കോട്: സ്വന്തമായി നെല്ലും അവിലും ഉൽപാദിപ്പിച്ച് പരിസ്ഥിതി സൗഹൃദകൃഷിയിലൂടെ വിജയഗാഥ രചിച്ച കൊല്ലങ്കോട്ടെ മാതക്കോട് പാടശേഖരസമിതിക്ക് നെൽക്കതിർ അവാർഡിന്റെ പൊൻതിളക്കം. 150 ഏക്കർ പാടശേഖരത്തിലാണ് കൂട്ടായ്മയിലെ 81 കർഷകർ സജീവ കൃഷിയുമായി മുന്നോട്ടുപോകുന്നത്. നെൽപാടങ്ങളെ സുസ്ഥിര നെൽകൃഷിയിലൂടെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് പരിസ്ഥിതി സൗഹൃദകൃഷി നടപ്പാക്കുന്നത്.
132 ഏക്കറിൽ നെൽകൃഷിയും 18 ഏക്കറിൽ ഇതരവിളകളുമാണ് മാതക്കോട് കൃഷി ചെയ്തിട്ടുള്ളത്. രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി ഒന്നാം വിളയിൽ നെൽവിത്തിനോടൊപ്പം ഡാബോൽക്കർ കൃഷിരീതിയിൽ പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ വിതച്ചു. ഇതു വഴി നൈട്രജൻ വളങ്ങളുടെ ഉപയോഗം കുറച്ചു. കൂടാതെ പാടവരമ്പുകളിൽ ചെണ്ടുമല്ലി, തുളസി, പയർ, തുവര, വെണ്ട എന്നിവ വെച്ചു പിടിപ്പിച്ചു മിത്രപ്രാണികളുടെ എണ്ണം വർധിപ്പിക്കുകയും ശത്രുകീടങ്ങളെ തുരത്തുന്ന ഇക്കോളജിക്കൽ എൻജിനീയറിങ് കൃഷി രീതിയും നടപ്പാക്കിവരുന്നു. രാസ കീടനാശിനികൾ ഉപയോഗിക്കാതെ തണ്ട് തുരപ്പൻ, ഓലചുരുട്ടി തുടങ്ങി നെല്ലിനെ ആക്രമിക്കുന്ന കീടങ്ങൾക്കെതിരെ ട്രൈക്കോ ഗ്രാമ മുട്ട കാർഡുകളുടെ ഉപയോഗവും നടന്നു. ചാഴി നിയന്ത്രണത്തിനായി തീപന്തം കത്തിക്കുന്ന രീതികളും അതോടൊപ്പം സോളാർ ലൈറ്റ് ട്രാപ്പും ഉപയോഗിക്കുന്നുണ്ട്. ആർ.എസ്.ജി.പി പദ്ധതി പ്രകാരം 25 ഏക്കാറിൽ വിത്തുൽപാദനം നടത്തി.
മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണം വർധിപ്പിച്ച് വിളവ് വർധിപ്പിക്കുന്നതിനായി പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള എഫ്.ഐ.ജി ഗ്രൂപ് വഴി കൃഷിഭവൻ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിന്റെ ടെക്നോളജി സപ്പോർട്ടിൽ പഞ്ചഗവ്യം, അമൃത് പാനി, ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, ജൈവ കീടനാശിനി കർപ്പൂര കരസൽ തുടങ്ങിയവ ഉണ്ടാക്കി കൃഷിയിടത്തിൽ ഉപയോഗിച്ചുവരുന്നു.മണ്ണ് പരിശോധന, കുമ്മായം ചേർക്കൽ എന്നിവയിൽ കർഷകർക്കുവേണ്ട അവബോധം നൽകാനും, പൊടിവിതയും ഞാറ്റടിയും മുതൽ പ്രത്യേക കാർഷിക കലണ്ടർ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും കർഷക കൂട്ടായ്മ ഇടപെടുന്നുണ്ട്.
വിള ആരോഗ്യപരിപാലന പദ്ധതി, ലീഡ്സ്-ആത്മ-ഫാം സ്കൂൾ, ജൈവ കൃഷി നല്ല കൃഷി രീതി പദ്ധതി, ഭാരതീയ പ്രകൃതി കൃഷി പദ്ധതി തുടങ്ങിയവയും പാടശേഖരത്തിലൂടെ നടപ്പാക്കുന്നു. കൂടാതെ ശാസ്ത്രീയ നെൽകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി നെൽകൃഷിയിൽ ഡ്രോൺ ടെക്നോളജി ഉപയോഗിച്ച് മൈക്രോ ന്യൂട്രിയന്റ് ഫോളിയർ അപ്ലിക്കേഷൻ ഡ്രോൺ അതിഷ്ടിത വളപ്രയോഗവും നടത്തി.
തമിഴ്നാട് കാർഷിക യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത പി.പി.എഫ്.എം ലായിനി പ്രയോഗിച്ചു മാതക്കോട് സമിതി വരൾച്ചയെ നേരിട്ടതായി കർഷകർ പറഞ്ഞു. വിരിപ്പ് കൃഷിയിൽ 70 കർഷകരിൽനിന്നായി 1,44,013 കിലോ നെൽ ഉൽപാദനവും മുണ്ടകൻ കൃഷിയിൽ 60 കർഷകരിൽ നിന്നായി 1,13,930 കിലോയും നെല്ലാണ് സിവിൽ സപ്ലൈസ് കോർപറേഷന് നൽകിയത്. ഒരു ലക്ഷം കിലോയോളം പൊതുവിപണിയിലും വിറ്റഴിച്ചു. മാതക്കോട് ജി.എ.പി റൈസ് എന്ന പേരിൽ കുത്തരിയും മട്ട അവിലും വിപണിയിലേക്ക് എത്തിച്ചു.
പാശേഖര സമിതി സെക്രട്ടറി പി. ജയപ്രകാശിന്റെയും പ്രസിഡൻറ് മോഹനന്റെയും നേതൃത്വത്തിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കൃഷിയിടത്തിൽ നടപ്പാക്കികൊണ്ടാണ് നെൽകതിർ അവാർഡിന്റെ നൂറുമേനി വിളവ് കൊയ്യാനായതെന്ന് കൃഷി ഓഫിസർ എം. രാഹുൽ രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.